പൊന്നാനി:ബി.ജെ.പി പിന്തുണയോടെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും എസ്.ഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമായി മൂന്നുപേർ കൂടി അറസ്റ്റിലായി. പൊന്നാനി കൊല്ലൻപടി സ്വദേശി കളങ്ങരപറമ്പിൽ വൈശാഖ്, പൊന്നാനി പള്ളപ്രം സ്വദേശി കൊടക്കാട്ടുപറമ്പിൽ രഞ്ജിത്, കാഞ്ഞിരമുക്ക് പൂക്രയിൽ ഹൗസിൽ ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. പൊലീസിനു നേരെയുണ്ടായ അക്രമത്തിൽ പൊന്നാനി എസ്.ഐ കെ.നൗഫൽ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. മാർച്ചിൽ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷൻ വിൻഡോ പ്രകാരമാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. പ്രകടനത്തിൽ പങ്കെടുത്തവരുടെ 12 ബൈക്കുകൾ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് നീക്കിയിരുന്നു. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ പൊന്നാനി കോടതി റിമാന്റ് ചെയ്തു.