തിരൂരങ്ങാടി: നെൽപ്പാടങ്ങളെ ഇനിയും മണ്ണിട്ട് നികത്താൻ വിട്ടുകൊടുക്കില്ലെന്ന സന്ദേശത്തോടെ വയലോരവാസികൾ കൃഷിയിറക്കുന്നു. 35വർഷങ്ങൾക്ക് മുമ്പുവരെ സമൃദ്ധമായി നെൽകൃഷി വിളഞ്ഞിരുന്ന ഏക്കറുകണക്കിന് വിസ്തൃതിയുള്ള ചെമ്മാട് മാനിപ്പാടത്താണ് അയൽകൂട്ടം പുഞ്ചകൃഷിക്കായി നിലമൊരുക്കി ഞാർ നട്ടത്. കടലുണ്ടിപ്പുഴയോരത്തുള്ള മാനിപ്പാടത്ത് സമൃദ്ധമായി വെള്ളം ലഭിച്ചിരുന്നു. നെൽക്കൃഷിക്കൊപ്പം പരിസരങ്ങളിലെ കുടിവെള്ള സ്രോതസുകൂടിയായിരുന്ന മാനിപ്പാടത്ത് വർഷങ്ങൾക്ക് മുമ്പ് മണ്ണിട്ട് നികത്തി വലിയ കെട്ടിടങ്ങളുയർന്നു. വെള്ളമെത്തിച്ചിരുന്ന പമ്പ് ഹൗസും കനാലും തോടുകളും നശിച്ചു. പതിയെ കൃഷി
പൂർണ്ണമായും ഇല്ലാതായി. പലർക്കും മാലിന്യം തള്ളുന്നതിനുള്ള ഇടം കൂടിയാണിന്ന് മാനിപ്പാടം. മലിനജലം ഒഴുകിയെത്തി പരിസരങ്ങളിലെ കിണറുകളിലും മാലിന്യമെത്തുന്നുണ്ട്.
പഴയ കൃഷിക്കാലം തിരിച്ചുകൊണ്ടുവരാൻ വയലോരത്തെ യുവാക്കളടങ്ങുന്നവരുടെ കൂട്ടായ്മയായ മാനിപ്പാടം അയൽക്കൂട്ടമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ട്രാക്ടറെത്തിച്ച് നിലമൊരുക്കുന്ന ജോലികൾ പൂർത്തിയാക്കി.രണ്ടര ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. കുഴികളിൽ വെള്ളം ശേഖരിച്ച് നെൽകൃഷിക്ക് വെള്ളം ഉപയോഗിക്കാനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ഉത്സവാന്തരീക്ഷത്തിലാണ് ഞാറുനടീൽ നടന്നത് . കഴിഞ്ഞ വേനലിൽ പച്ചക്കറി കൃഷിയിറക്കിയ കൂട്ടായ്മ മികച്ച വിളവ് നേടിയിരുന്നു. തിരൂരങ്ങാടി കൃഷിഭവന്റെ പൂർണ്ണ പിന്തുണ ഇവർക്കുണ്ട്. തിരൂരങ്ങാടി കൃഷി ഓഫീസർ വിഷ്ണു , മാലിക്ക് കുന്നത്തേരി, സി.പി. നൗഷാദ്, പി.കെ മോഹനൻ, കെ. മോഹൻദാസ്, കെ.കെ. മഹേഷ്, കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.