മലപ്പുറം: വീട് നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ താത്കാലിക ഓവർസീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുന്നത്തല ചെലൂർ അബ്ദുൾ നാസറിനെയാണ് കുറുമ്പത്തൂർ ചിറ്റിയപ്പുറത്ത് മൻസൂറിന്റെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുവിന്റെ വീട് നിർമ്മാണത്തിന് പെർമിറ്റ് നൽകാനാണ് നാസർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം മൻസൂർ മലപ്പുറം വിജിലൻസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പഞ്ചായത്ത് ഓഫീസിൽ വച്ച് പണം വാങ്ങുന്നതിനിടെ ഡിവൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.