കൊണ്ടോട്ടി:വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. വയനാട് വെന്നിയോട് കോട്ടത്തറ സ്വദേശി ഹംസയെയാണ് (46) കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് ഹംസ കരിപ്പൂരിലെത്തിയത്. മദ്യപിച്ച് ലക്കുകെട്ട ഹംസ വിമാനത്തിൽ വച്ച് വിദേശിയായ എയർഹോസ്റ്റസിനോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് എയർ ഹോസ്റ്റസ് വിമാനക്കമ്പനിക്ക് പരാതി നൽകി. കമ്പനി പൊലീസിന് കൈമാറിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.