വിവരം പുറത്തുവിടാതെ ആരോഗ്യ വകുപ്പ്
മലപ്പുറം:മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാർത്ഥികളെ ഡിഫ്ത്തീരിയ ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മറ്റൊരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
കൊണ്ടോട്ടി കുഴിമണ്ണയിലെ പതിനാലുകാരനും മഞ്ചേരി നെല്ലിക്കുത്തിലെ പതിമൂന്നുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കോഡൂർ സ്വദേശിയായ പതിമൂന്നുകാരനാണ് ചികിത്സയിലുള്ളത്.
മലപ്പുറം പാപ്പിനിപ്പാറ യത്തീംഖാനയിലെ അന്തേവാസികളും ഇതേസ്ഥാപനം നടത്തുന്ന ജാമിഅ ഹികമിയ്യ ഓർഫനേജ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥികളുമാണിവർ. ഡിഫ്‌തീരിയയെ പ്രതിരോധിക്കാൻ അഞ്ച് വയസിനകം നൽകേണ്ട ഡി.പി.റ്റി കുത്തിവയ്പ്പുകൾ കുട്ടികൾക്ക് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
16നാണ് പനിയും തൊണ്ടവേദനയും കാരണം രണ്ട് വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചെങ്കിലും അസുഖം കൂടിയതോടെ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ നില തൃപ്തികരമാണെന്നും ഡി.എം.ഒ കെ.സക്കീന പറഞ്ഞു.
രോഗം സ്ഥിരീകരിച്ചതോടെ അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 250 കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഇതേ കാമ്പസിലെ മറ്റൊരു സ്ഥാപനത്തിൽ 500ഓളം വിദ്യാർത്ഥികളുമുണ്ട്. ഡിഫ്‌തീരിയ വായുവിലൂടെ പകരാമെന്നതും ഇവരിൽ പലരും നേരത്തെ പൂർണ്ണ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
2016ൽ മലപ്പുറത്ത് ഡിഫ്‌തീരിയ പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യവകുപ്പ് തീവ്രപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ നടത്തിയിരുന്നു. കടുത്ത എതിർപ്പ് നേരിട്ടെങ്കിലും ബോധവത്കരണത്തെ തുടർന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. രണ്ട് വയസ് വരെയുള്ള കുട്ടികളിലെ കുത്തിവയ്പ്പ് തോത് 67 ശതമാനമായിരുന്നത് 92 ശതമാനമാണിപ്പോൾ. അതേസമയം മുതിർന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലെ രക്ഷിതാക്കളുടെ വിമുഖത രോഗസാദ്ധ്യത കുറയ്ക്കുന്നതിൽ വെല്ലുവിളിയാണ്.