മലപ്പുറം: സമ്പൂർണ്ണ ഓൺലൈൻ പോക്കുവരവ് ജില്ലയെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴും സോഫ്റ്റ്വെയർ തകരാറും അധികൃതരുടെ അലംഭാവവും മൂലം പോക്കുവരവ് നടത്താനാവാതെ അപേക്ഷകർ ദുരിതത്തിൽ. സേവനാവകാശ നിയമപ്രകാരം 40 ദിവസമാണ് പോക്കുവരവ് അപേക്ഷ തീർപ്പാക്കാനുള്ള കാലാവധിയെങ്കിലും പല വില്ലേജുകളിലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. സമയബന്ധിതമായി പോക്കുവരവ് പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതും പേരിലൊതുങ്ങി. പദ്ധതി നടപ്പാക്കുന്ന റവന്യൂ ലാന്റ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ് വെയറിന്റെ തകരാറാണ് പോക്കുവരവ് അനിശ്ചിതമായി നീളാൻ കാരണമെന്ന വാദമാണ് വില്ലേജ് അധികൃതരുടേത്. എന്നാൽ ഇക്കാര്യം സോഫ്റ്റ്വെയർ വികസിപ്പിച്ച നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെ അറിയിച്ചിട്ടുമില്ല. ഓൺലൈൻ ഡാറ്റയിൽ തകരാറുകൾ ചൂണ്ടിക്കാട്ടി അനാവശ്യമായി രജിസ്ട്രേഷൻ ഓഫീസുകളിലേക്ക് നടത്തുന്നെന്ന പരാതിയുമുണ്ട്.
പദ്ധതി കടലാസിൽ
ഇങ്ങനെ
റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സബ് രജിസ്ട്രേഷൻ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്താലുടൻ വില്ലേജ് ഓഫീസിൽ ഈ വിവരങ്ങൾ ഓൺലൈനായി എത്തുമെന്നും ആധാരത്തിലെയും വില്ലേജ് രേഖകളിലെയും വിവരങ്ങൾ ശരിയെങ്കിൽ ഉടൻ പോക്കുവരവിന് സാധിക്കുമെന്നുമായിരുന്നു വാഗ്ദാനം.
പോക്കുവരവ് പൂർത്തിയാക്കുമ്പോൾ അപേക്ഷകന് എസ്.എം.എസിലൂടെ വിവരം ലഭിക്കും.
നടപടികൾ പൂർത്തിയാവുന്നതോടെ നികുതിയടയ്ക്കാനും സ്വന്തം ഭൂമിയുടെ സ്കെച്ച് കാണാനും കഴിയും.
ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതോടെ നികുതിയടക്കം ഓൺലൈനായി സമർപ്പിക്കാനാവും.
വിവിധ വകുപ്പുകളിലെ കാലതാമസവും അഴിമതിയും ഒഴിവാക്കി വേഗത്തിൽ പോക്കുവരവ് നടത്താൻ സഹായിക്കുന്ന പദ്ധതിയാണിപ്പോൾ അപേക്ഷകർക്ക് കടുത്ത ദുരിതമേകുന്നത്.
138 വില്ലേജുകളാണ് ജില്ലയിലുള്ളത്. ഇവയിലെല്ലാം കഴിഞ്ഞ വർഷം ജനുവരി മുതൽ ഓൺലൈൻ പോക്കുവരവ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.