തിരൂർ: തിരൂർ സിറ്റി ജംഗ്ഷനിലെ റെയിൽവേ മേൽപ്പാലം തുടങ്ങുന്ന ഭാഗത്ത് വൻഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ പത്തോടെയാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ചരക്ക് ലോറി കടന്നുപോയ ഉടനെയാണ് ഇവിടെ ചെറിയ തോതിൽ ആദ്യം കുഴി കണ്ടത്. പിന്നീട് ആഴത്തിൽ താഴ്ന്നു. ഒരു ബസ് കടന്നു പോയപ്പോഴാണ് ഗർത്തം വലിയ രീതിയിലായത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും ഗതാഗതം താറുമാറാവുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസുകാർ സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. പാലത്തിലൂടെ പോകുന്ന പൈപ്പ് പൊട്ടി ഈ ഭാഗത്ത് വെള്ളം കെട്ടിനിന്ന് മണ്ണ് താഴ്ന്ന് പോയതാണെന്നാണ് പ്രാഥമിക നിഗമനം. പൈപ്പുകൾ ശരിയാക്കി ബലപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. താത്കാലികമായി പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. കുറ്റിപ്പുറം, ചമ്രവട്ടം, താനൂർ ഭാഗത്ത് നിന്നെത്തുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്. ബസുകൾ സിറ്റിജംഗ്ഷൻ, റെയിൽവേ പരിസരം എന്നിവിടങ്ങളിൽ നിറുത്തി സർവ്വീസ് ക്രമപ്പെടുത്തുകയാണ്.