മലപ്പുറം: ഹാജർ കുറവായതിനെ തുടർന്ന് മൂന്നാംവർഷം ബി.ടെക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ നാലാംവർഷത്തെ ഫീസും ആവശ്യപ്പെട്ട പെരിന്തൽമണ്ണയിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിലാണ് വിദ്യാർത്ഥിയുടെ പരാതിയിൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ നടപടികളെടുക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശമേകിയത്. തുടർപഠനാവസരം നിഷേധിച്ച കോളേജധികൃതർ സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നും കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ പറഞ്ഞു. അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും വൈകിവരുന്നതും പ്രസവത്തിനുള്ള സൗകര്യങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തതും അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തിന് നിർദ്ദേശമേകി. ഇതുസംബന്ധിച്ച് നേരത്തെ കമ്മിഷൻ നിർദ്ദേശപ്രകാരം ഡി.എം.ഒ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘം കമ്മിഷന് റിപ്പോർട്ട് നൽകി. വീട് ആയിരം സ്ക്വയർ ഫീറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ബി.പി.എൽ കാർഡുണ്ടായിരുന്ന നിർധന കുടുംബത്തെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയ നടപടി തിരുത്താൻ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശമേകി. മാനസിക, ശാരീരിക വൈകല്യങ്ങളുള്ള രണ്ട് ആൺകുട്ടികളും ഹൃദ്രോഗിയായ ഭർത്താവുമുള്ള കുടുംബത്തിന്റെ ദയനീയസ്ഥിതി കണക്കിലെടുക്കണമെന്ന മാറഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ. ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചതോടെ ദുരിതത്തിലായ കുടുംബത്തിനെ വീടിന്റെ അളവ് നോക്കി മുൻഗണനാ കാർഡിൽ നിന്ന് പുറത്താക്കിയ നടപടിയും തിരുത്താൻ നിർദ്ദേശം നൽകി. കാലടി സംസ്കൃത സർവകലാശാലയിലെ വ്യാകരണ വകുപ്പിൽ നേരത്തെ മുസ്ലിം സംവരണം നടപ്പാക്കാതെ നിയമനം നടത്തിയതിനാൽ നിലവിൽ ഒഴിവുവന്ന തസ്തികയിൽ സംവരണം നടപ്പാക്കണമെന്ന് കമ്മിഷൻ സർവകലാശാല രജിസ്ട്രാറോട് നിർദ്ദേശിച്ചു.ഇന്നലെ 32 പരാതികൾ പരിഗണിച്ചപ്പോൾ 15 എണ്ണം വിധി പറയാൻ മാറ്റിവച്ചു.
മൂന്ന് പുതിയ കേസുകളുമുണ്ടായി.