മഞ്ചേരി: മഞ്ചേരിയിൽ ദുരൂഹ മരണങ്ങളുടെ പട്ടിക നീളുന്നത് ആശങ്കയേറ്റുന്നു. ലഹരിയുടെ അതിപ്രസരമാണ് പ്രധാന കാരണം. വിദ്യാർത്ഥികളടക്കമുള്ളവർ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് മൂലം ഭീതിയേറിയ സാഹചര്യമാണ് നിലവിലേത്. ദുരൂഹമരണങ്ങൾ മഞ്ചേരിയിലും പരിസരങ്ങളിലും ആശങ്ക പരത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു വർഷത്തിനിടെ നഗരമദ്ധ്യത്തോട് ചേർന്ന് പത്തോളം അസ്വാഭാവിക മരണങ്ങളാണുണ്ടായിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച്ച മലപ്പുറം റോഡിൽ എസ്.ബി.ഐക്ക് സമീപം മരിച്ച നിലയിൽ കാണപ്പെട്ട പുതുച്ചേരി സ്വദേശി രവി. പാതയോരത്ത് മരിച്ച നിലയിൽ കിടക്കുകയായിരുന്ന ഇയാൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യം ഒരു മാസം മുമ്പ് ഡിസംബർ 21ന് ചെരണിക്കു സമീപം എളങ്കൂർ റോഡിൽ രണ്ടു യുവാക്കളെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല.സമീപത്തു നിന്നും സിറിഞ്ചുകളും ലൈറ്ററും ട്രേയുമെല്ലാം കണ്ടെത്തിയെങ്കിലും ലഹരി മാഫിയയിലേക്കുള്ള അന്വേഷണം ദിശ കാണാതെ പോവുകയായിരുന്നു. പാണ്ടിക്കാട് റോഡിൽ ഷോപ്പിംഗ് കോപ്ലക്സിനു സമീപത്ത് കുത്തേറ്റ നിലയിലെത്തിയ മദ്ധ്യവയവസ്കൻ മരിച്ച സംഭവവും കഴിഞ്ഞ വർഷമുണ്ടായിരുന്നു. ലഹരി മാഫിയ സർവ സീമകളും ലംഘിച്ചാണ് മഞ്ചേരിയിൽ പിടിമുറിക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുതലുള്ളവർ കഞ്ചാവിന്റെ സ്ഥിരം ആവശ്യക്കാരായി നഗരത്തിലെത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിലാണ് നഗരത്തിലേക്ക് കഞ്ചാവെത്തുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരും ഇവിടം കേന്ദ്രീകരിച്ച് ലഹരി വിപണനത്തിൽ സജീവമാവുന്നത് ആവശ്യക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവ് കണക്കിലെടുത്താണ്. കഞ്ചാവിനടിമപ്പെടുന്നവർ പിന്നീടു വീര്യം കൂടിയ ലഹരി വസ്തുക്കൾ തേടുന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരത്തിൽ ശരീരത്തിൽ കുത്തിവയ്ക്കുന്ന ലഹരി പദാർത്ഥങ്ങളുടെ വ്യാപനവും നഗരത്തിൽ നിർലോഭം നടക്കുന്നുണ്ട്. എന്നാൽ ഈ ദിശയിലുള്ള അന്വേഷണം നാമമാത്രമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊലീസിന്റേയും എക്സൈസിന്റേയും നടപടികൾക്കൊപ്പം രക്ഷിതാക്കളുടേയും രാഷ്ട്രീയ നേതാക്കളുടെയും ജാഗ്രതയും നിലവിലെ സ്ഥിതിയിൽ അനിവാര്യമാവുകയാണ്.