മലപ്പുറം: ശബരിമല വിഷയത്തിലടക്കം സി.പി.എം സ്വീകരിക്കുന്ന നിലപാട് ബി.ജെ.പിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്നും കോൺഗ്രസിനെയും യു.ഡി.എഫിനെയും ക്ഷീണിപ്പിച്ച് ബി.ജെ.പിയെ വളർത്തി കേരളത്തിൽ എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹത്തിലാണ് സി.പി.എമ്മെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള അടവുകളാണ് സി.പി.എം പയറ്റുന്നത്. വീണത് വിദ്യയാക്കുകയാണ് സംസ്ഥാന സർക്കാർ. ശബരിമല വിഷയത്തിലടക്കം സർക്കാരിന് പാളിച്ച പറ്റി. സംസ്ഥാന ഭരണം പൂർണ്ണ പരാജയമാണ്. ക്രമസമാധാനം പാടെ തകർന്നു. ശബരിമല വിഷയം പക്വമായി കൈകാര്യം ചെയ്യുന്നതിന് പകരം കേരളം കത്തിക്കാൻ ബി.ജെ.പിയെ സഹായിക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. സാമുദായിക സൗഹാർദ്ദം തകരുന്നു. ഇതിനെ നേരിടാൻ സർക്കാരിന് കഴിയുന്നില്ല. പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊന്നും രൂപം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. പ്രളയത്തിൽ നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായ വിതരണം പൂർണ്ണമായില്ല.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.എം.എൽ.എമാരായ പി. ഉബൈദുള്ള, എ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.