മലപ്പുറം: വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന് പരിശോധനാവിഭാഗം ശക്തിപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ മിന്നൽ പരിശോധനകൾ നടത്തുമെന്നും ജില്ലാ കളക്ടർ അമിത് മീണ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ജില്ലാ വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ സേവനങ്ങൾ വന്നതോടെ സുതാര്യതയും സേവനങ്ങളുടെ വേഗതയും കൂടിയിട്ടുണ്ട്. കാലതാമസം നേരിടുന്നുണ്ടെങ്കിൽ ജില്ലാകളക്ടർ ഉൾപ്പെടെയുള്ള മേലധികാരികളെ അറിയിക്കണം.
തിരൂരിലെ ഷാലിമാർ ഹോട്ടലിലെ മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് അബ്ദുൾ റഷീദ് വെളിയങ്കോട് എന്നയാളുടെ പരാതിയിൽ നഗരസഭ അധികൃതരോട് റിപ്പോർട്ട് തേടും. മുനിസിപ്പാലിറ്റി ആക്ട് 447ാം വകുപ്പ് ലംഘിച്ചതിന് ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് നഗരസഭ അറിയിച്ചത്. എന്നാൽ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നും നടപടി വൈകുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടർ റിപ്പോർട്ട് തേടിയത്.
സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ സിസി ടിവി കാമറ വയ്ക്കുന്ന കാര്യം പരിശോധിക്കാൻ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികളെ കയറ്റാതെ പുറത്ത് വരിയിൽ നിറുത്തുന്നതായുള്ള പരാതി പരിഹരിക്കാനാണ് നടപടി.
വടക്കാങ്ങര എ.എം.എൽ.പി സ്കൂളിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് പ്രധാനാദ്ധ്യാപകനെ ഉൾപ്പെടുത്തി ഹിയറിംഗ് നടത്തിയിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ച് വരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പരാതിക്കാരനായ അർഷദ് അയൂബിനെ അറിയിച്ചു. പെരിന്തൽമണ്ണ ആർ.ടി ഓഫീസിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച് അധികൃതർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന അനിൽ ചെന്ദ്രത്തിൽ എന്നയാളുടെ പരാതിയിൽ അന്വേഷണം നടത്തി വിവരങ്ങൾ ലഭ്യമാക്കാൻ കളക്ടർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറോട് നിർദ്ദേശിച്ചു. രേഖകൾ നനഞ്ഞുപോയി എന്ന വിശദീകരണം തൃപ്തികരമല്ല. ഏതെല്ലാം രേഖകൾ നനഞ്ഞുപോയിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രൻ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ വിജിലൻസ് സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.