മഞ്ചേരി :ലോക്സഭ തിരഞ്ഞെടുപ്പു ആസന്നമായിരിക്കെ വിദ്യാലയത്തിനായുള്ള ജനകീയ പോരാട്ടം ശക്തമാക്കാൻ മഞ്ചേരി എലമ്പ്ര നിവാസികൾ ഒരുങ്ങുന്നു. പൊതുമേഖല പ്രൈമറി വിദ്യാലയത്തിനായി മൂന്നു പതിറ്റാണ്ടായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു ഇതുവരെ നിരാശ മാത്രമായിരുന്നു ഫലം. എലമ്പ്രയിൽ പൊതുവിദ്യാലയം അനുവദിക്കാനാവില്ലെന്ന നിലപാടാണ് ഇക്കാലമത്രയും മാറി വന്ന സർക്കാരുകൾ സ്വീകരിച്ചിരുന്നത്.
മഞ്ചേരി നഗരസഭയിൽ നാനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന എലമ്പ്ര പ്രദേശത്ത് പ്രൈമറി തലത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. ബസ് സർവീസും കുറവായതിനാൽ അഞ്ചും ആറും കിലോമീറ്ററുകൾ താണ്ടിവേണം എലമ്പ്ര നിവാസികൾക്ക് സ്കൂളിലെത്താൻ. സ്കൂൾ സ്ഥാപിക്കാനായി 33 വർഷം മുൻപ് ഒരേക്കർ സ്ഥലം നാട്ടുകാർ കണ്ടെത്തി നൽകിയിരുന്നു. സ്ഥലം ലഭ്യമായാൽ സ്കൂൾ അനുവദിക്കാമെന്ന സർക്കാർ നയത്തെ തുടർന്നായിരുന്നു ജനകീയാടിസ്ഥാനത്തിൽ 1985ൽ ഒരേക്കർ സ്ഥലം വാങ്ങിയത്. തുടർന്നിതുവരെ വിദ്യാലയം അനുവദിക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടായില്ല. പ്രദേശത്തെ കുട്ടികൾ ഇപ്പോൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് മൂന്നു കിലോ മീറ്റർ അകലെയുള്ള ചെറുകുളം, തോട്ടുപൊയിൽ സ്കൂളിനേയും അഞ്ചു കിലോമീറ്റർ അകലെയുള്ള വടക്കാങ്ങര സ്കൂളിനെയുമാണ്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് നിത്യേന ഓട്ടോറിക്ഷകളെയോ ബസുകളെയോ ആശ്രയിക്കാനുമാവുന്നില്ല. മിക്കവരും കിലോമീറ്ററുകൾ നടന്നാണ് വിദ്യാലയങ്ങളിൽ എത്തുന്നത്.
വിദ്യാലയത്തിനായി നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചു നിയമപോരാട്ടങ്ങൾ നടത്തിയിരുന്നെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. നിലവിലെ ഇടതു സർക്കാരും എലമ്പ്ര നിവാസികളുടെ വിദ്യാഭ്യാസ പ്രശ്നത്തോടു മുഖം തിരിക്കുകയാണ്.
പുതുതായി വിദ്യാലയങ്ങൾ ആരംഭിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തുന്നതിനു നടത്തിയ മാപ്പിംഗിൽ എലമ്പ്ര മേഖല ഉൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാർ വിശദീകരണം.
1985 മുതൽ സർക്കാരിനും ഉദ്യോഗസ്ഥർക്കും നിരന്തരം നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും അനുകൂല ഇടപെടലുണ്ടായില്ല. നിരന്തരം തുടരുന്ന ഈ അവഗണനക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.