നിലമ്പൂർ: സിമന്റ് ഗോഡൗണും വ്യവസായ കമ്പനികളും വലിയ വാഹനങ്ങളും വടപുറം താളിപൊയിലിൽ ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. വീതിയില്ലാത്ത പഞ്ചായത്ത് റോഡിലൂടെ സിമന്റ് കയറ്റിയ 12 ചക്ര വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള സിമന്റ് പൊടി കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും പരാതിയുണ്ട്. ശല്യം സഹിക്കവയ്യാതെ നാട്ടുകാർ ലോറികൾ തടഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.പ്രദേശവാസികൾക്ക് ദോഷകരമായ രീതിയിലാണ് കൂടുതൽ കമ്പനികൾ പ്രദേശത്തു സ്ഥാപിക്കുന്നത്. നേരത്തെ ലാറ്റക്സ് കമ്പനികൾ സൃഷ്ടിച്ച ദുരിതത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് ഇവ അടച്ചുപൂട്ടിയിരുന്നു. വീണ്ടും പ്രദേശത്തെ ഇൻഡസ്ട്രിയൽ ഹബ്ബാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് പരാതിയുണ്ട്.നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിലൂടെ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരം വലിയ വാഹനങ്ങൾ ചീറിപ്പായുകയാണ്. ഈ റോഡിന്റെ വീതി അഞ്ചു മീറ്ററാണ്. വലിയ ചരക്കുവാഹനങ്ങൾ ആറു മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ നിരോധിച്ചിട്ടുണ്ട്. വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ പോലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. സിമന്റ് പൊടി പാറുന്നത് റോഡിന് സമീപം താമസിക്കുന്ന ആസ്ത്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വലിയ വാഹനങ്ങൾ നിരോധിച്ച് സൂചനാബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഗോഡൗണിന്റെ അടുത്ത് എംസാന്റ് നിർമ്മാണ ഫാക്ടറി വരുന്നുണ്ടെന്നതും ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.