നിലമ്പൂർ: പോത്തുകല്ല് പഞ്ചായത്തിൽ മുതുകുളം സെന്റ് മേരീസ് മാർത്തോമാ ചർച്ചിന് സമീപം റബർ തോട്ടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് തീപിടിച്ചത്. സ്ഥലത്തെത്തിയ നിലമ്പൂർ ഫയർ ഫോഴ്സ് നാട്ടുകാരുമായി ചേർന്നാണ് തീയണച്ചത്. 20 ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ നാലേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു. ചില റബർ മരങ്ങൾക്ക് ഭാഗികമായി കേടുപറ്റി. കൃത്യസമയത്തുള്ള രക്ഷാ പ്രവർത്തനം പള്ളിയിലേക്കും വീടുകളിലേക്കും തീപടരുന്നത് തടഞ്ഞു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ ബി. സുനിൽ കുമാർ , ഫയർമാന്മാരായ ഇ. എം. ഷിന്റു, കെ. മനേഷ്, കെ. പി. അനൂപ്, കെ. അഫ്സൽ, എൽ. ഗോപാലകൃഷ്ണൻ, എൻ. രവീന്ദ്രൻ എന്നിവരടങ്ങുന്ന ഫയർ ഫോഴ്സ് സംഘമാണ് തീയണച്ചത്.