മലപ്പുറം: കടലും കായലും തിരിച്ചു തരൂ എന്ന മുദ്രാവാക്യവുമായി മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യൂ.സി) ഫെബ്രുവരി 6ന് സംഘടിപ്പിക്കുന്ന രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായുള്ള സംസ്ഥാന ജാഥ 28 ,29 തീയതികളിൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. 28 ന് വൈകിട്ട് 4 മണിക്ക് പരപ്പനങ്ങാടി, 4.30ന് താന്നൂർ, 5ന് പറവണ്ണ, 6ന് കൂട്ടായി എന്നീ കേന്ദ്രങ്ങളിലും 29ന് രാവിലെ 7ന് പൊന്നാനിയിലും സ്വീകരണ സമ്മേളങ്ങൾ നടക്കും.
സംസ്ഥാന പ്രസിഡന്റ് ടി.ജെ .ആഞ്ചലോസ് നയിക്കുന്ന ജാഥയുടെ വൈസ് ക്യാപ്റ്റന്മാർ കെ.ജി.ശിവാനന്ദൻ, ആർ.പ്രസാദ് എന്നിവരും ഡയക്ടർ എ.കെ.ജബ്ബാറും ജാഥാ അംഗങ്ങൾ കുമ്പളം രാജപ്പൻ, പി.ഒ.ആന്റണി , എൽസബത്ത് അസീസി എന്നിവരുമാണ്. തീരദേശ കപ്പൽ പാത ഉപേക്ഷിക്കുക , കടലിലും ഉൾനാടൻ ജലാശങ്ങളിലും തീരദേശത്തും മത്സ്യ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുവാൻ വനാവകാശ നിയമത്തിന്റെ മാതൃകയിൽ നിയമ നിർമ്മാണം നടത്തുക, തീര പരിപാലന വിജ്ഞാപനത്തിൽ നിന്നും ടുറിസ്റ്റ് റിസോർട്ടുകൾക്കും വൻകിട നിർമ്മാണങ്ങൾക്കും നൽകിയ ഇളവുകൾ റദ്ദാക്കുക, കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക , വേമ്പനാട് കായൽ സംരക്ഷണ അതോറിട്ടി രൂപീകരിക്കുക , ദേശീയ മത്സ്യ തൊഴിലാളി ഭവന നിർമ്മാണ പദ്ധതിയെ ലൈഫ് പദ്ധതിയിൽ സംയോജിപ്പിച്ച നടപടി റദ്ദ് ചെയ്യുക ,ക്ഷേമ നിധിആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക, പെൻഷൻ 3,000 രൂപയാക്കുക ,കായൽ മലിനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത് .