jayakumar
ജയകുമാർ

നിലമ്പൂർ: കാറിൽ കടത്തുകയായിരുന്ന 10.450 കിലോഗ്രാം കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോടിലെ ജയകുമാർ(24), തിരുവല്ല സ്വദേശിയും കോയമ്പത്തൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ കടപ്ര ചൈത്രത്തിൽ അനന്തുരാജ്(22)നെയുമാണ് മൈലാടിപാലത്തിനു സമീപത്തുവെച്ച് പിടികൂടിയത്. കോയമ്പത്തൂരിൽ വെച്ചു പരിചയപ്പെട്ട ഇരുവരും മൊത്തവിതരണക്കാരുടെ കരിയർമാരായാണ് പ്രവർത്തിച്ചിരുന്നത്. ഇതരസംസ്ഥാനങ്ങളിലെ മൊത്തവിതരണക്കാർ വിദ്യാർത്ഥികളെ ഉപയോഗിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. വിദ്യാർത്ഥികളെ താമസസ്ഥലത്തും കോളേജ് ഹോസ്റ്റലുകളിലും വെച്ച് പരിചയപ്പെട്ട ശേഷം സൗജന്യമായി ലഹരി ഉത്പ്പന്നങ്ങൾ നൽകിയാണ് വലയിലാക്കുന്നത്. തുടർന്ന് കാറും പ്രതിഫലവും നൽകി കഞ്ചാവുൾപ്പെടെയുള്ള ലഹരികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുകയാണ് മൊത്തവിതരണക്കാരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി മോഹനചന്ദ്രൻ, നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.എം.ബിജു, ടൗൺ ഷാഡോ ടീമിലെ ഉദ്യോഗസ്ഥരായ സി.പി.മുരളി, എൻ.ടി.കൃഷ്ണകുമാർ, ടി.ശ്രീകുമാർ, എം.മനോജ് കുമാർ, മുഹമ്മദ് ഷാഫി, പ്രദീപ് കുമാർ, മാത്യു, റഹിയാനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.