തവനൂർ: അംഗൻവാടികളിൽ മികച്ച സൗകര്യങ്ങളൊരുക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും സ്വന്തം കെട്ടിടമെന്ന മോഹം യാഥാർത്ഥ്യമാകാതെ ജില്ലയിൽ 730 അംഗൻവാടികൾ. വാടക കെട്ടിടങ്ങളിലെ ഇല്ലായ്മകളിലും അസൗകര്യങ്ങളിലും വീർപ്പുമുട്ടിയാണ് ഇതിൽ മിക്ക അംഗൻവാടികളുടെയും പ്രവർ‌ത്തനം. അംഗൻവാടികൾക്കായി കെട്ടിടം നിർമ്മിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തുമ്പോഴും സ്വന്തമായി സ്ഥലമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. കെട്ടിടനിർമ്മാണത്തിന് മാത്രം ഫണ്ട് ചിലവഴിക്കാനേ അനുമതിയൊള്ളൂ. ജില്ലയിൽ 3,800 അംഗൻവാടികളാണുള്ളത്. ഇതിൽ 890 അംഗൻവാടികൾക്കാണ് സ്വന്തമായി കെട്ടിടമില്ലാത്തത്. സ്വന്തം കെട്ടിടമുള്ള ഭൂരിഭാഗം അംഗൻവാടികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടങ്ങളിലുണ്ട്. അതേസമയം വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മിക്ക അംഗൻവാടികളുടെയും അവസ്ഥ ഏറെ ദയനീയമാണ്. ഏതുസമയവും തകർന്നുവീഴാവുന്ന കെട്ടിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലം ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സമ്പൂർണ്ണ വൈദ്യുതീകരണമെന്ന കടമ്പ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ശുദ്ധജലവും കുടിവെള്ളം ഉറപ്പുവരുത്താനായിട്ടില്ല.

സ്വകാര്യ വ്യക്തികളുടെ കനിവിലും നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലം വാങ്ങിയുമാണ് മിക്കയിടങ്ങളിലും സ്വന്തം കെട്ടിടമെന്ന മോഹം യാഥാർത്ഥ്യമാക്കിയത്. ഇതിന് സാധിക്കാത്ത ഇടങ്ങളിലാണ് അംഗൻവാടികൾ കാലങ്ങളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. അസൗകര്യങ്ങൾ മൂലം പല അംഗൻവാടികളിൽ ക്ലാസ് മുറിയിലാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത്. പാചക്കപ്പുര ക്ലാസ് മുറിയോട് ചേർന്നാണ്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഭൂമി ലഭ്യമായ 138 അംഗനവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തുക ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 25 കെട്ടിടങ്ങളും നബാർഡ് പദ്ധതി പ്രകാരം 35 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിച്ചു. വിവിധ പഞ്ചായത്തുകളിൽ 47 അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ സ്ഥലവും കണ്ടെത്തി. ജില്ലാ കളക്ടർ അമിത് മീണയുടെ ഇടപെടലുകളാണ് ഇതിന് സഹായകമായത്. അതേസമയം ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.