magazine
പ്രളയം പ്രമേയമാക്കിയുള്ള മാഗസനിൻ

പൊന്നാനി: കേരളത്തെ വിറപ്പിച്ച മഹാപ്രളയത്തെ പ്രമേയമാക്കി ഹയർസെക്കന്ററി മാഗസിൻ പുറത്തിറങ്ങുന്നു. പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളാണ് പ്രളയ പുസ്തകമെന്ന തലക്കെട്ടിൽ മാഗസിൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാഗസിനിലെ കുട്ടികളുടെ രചനകളൊക്കെയും പ്രളയവുമായി ബന്ധപ്പെടുത്തിയാണ്. പ്രളയകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ച്ചകൾ, പ്രളയകാലം പ്രകടമാക്കിയ മാനവികതയുടെ പാഠങ്ങൾ, പ്രതിരോധ രീതികൾ എന്നിവയാണ് രചനകളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കഥ, കവിത, അനുഭവം, ലേഖനം എന്നിങ്ങനെ നൂറിൽപരം രചനകളുണ്ട്. പ്രളയത്തിന്റെ ഭീകരത പ്രകടമാക്കുന്ന നൂറോളം ചിത്രങ്ങൾ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിലകപ്പെട്ട നോഹയുടെ പേടകത്തിന്റെ ചരിത്രവും മാഗസിനിലുണ്ട്. 1924ൽ നടന്ന കേരളത്തിലെ ആദ്യ പ്രളയത്തിന്റെ ചിത്രങ്ങളും വിവരണവും ചേർത്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള പ്രത്യേക ഫീച്ചറുകൾ, പ്രളയത്തെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്നിവയും കുട്ടികളുടേതായുണ്ട്.
വരാനിരിക്കുന്ന തലമുറക്കുവേണ്ടി പ്രളയത്തെ കുറിച്ചുള്ള ഓർമ്മ പുസ്തകമെന്ന നിലയിലാണ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്. പ്രളയം പ്രമേയമാക്കി ഹയർസെക്കന്ററി തലത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ മാഗസിനാണിതെന്ന് മാഗസിൻ സമിതി അവകാശപ്പെട്ടു. മാഗസിൻ പ്രകാശനം 24ന് തിരൂർ ഗവ.കോളേജ് മലയാള വിഭാഗം മേധാവി വിജു നായരങ്ങാടി നിർവഹിക്കും.