തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ സിബാഖ് ദേശിയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് വാഴ്‌സിറ്റിയിൽ തുടക്കമായി. ഇസ്‌ലാമിക കലയുടെ തനിമയും ആസ്വാദന തെളിമയും പകരുന്ന സിബാഖ് കലാമാമാങ്കം നിരവധി പോരാട്ട ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച കടലുണ്ടിപ്പുഴയോരത്ത് ഇനി നാലുനാൾ സർഗ വിസ്മയം തീർക്കും. കേരളത്തിനകത്തും പുറുത്തുമുള്ള രണ്ടായിരത്തോളം മത്സാർത്ഥികളാണ് 260 മത്സരയിനങ്ങളിൽ മാറ്റുരക്കുന്നത്.
ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ പ്രാർത്ഥന നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ടി.എ അബ്ദുൽ മജീദ്, എഴുത്തുകാരൻ വി. മുസാഫർ അഹ്മദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, എം.എസ്.എഫ് ജന.സെക്രട്ടറി എം.പി നവാസ് കൽപറ്റ, കെ.എസ്.യു ജന.സെക്രട്ടറി റംഷാദ് പൊാനി, തിരൂരങ്ങാടി നഗരസഭാ വൈ. ചെയർമാൻ എം. അബ്ദുർറഹ്മാൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. രജിസ്ട്രാർ എം.കെ ജാബിറലി ഹുദവി സിബാഖ് പരിചയം നടത്തി. യു.ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി.കെ നാസർ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. സിബാഖ് കലോത്സവത്തിന്റെ മുന്നോടിയായി വൈകീട്ട് മൂന്നിന്
ചെമ്മാട് ടൌണിൽ മത്സരാർത്ഥികൾ അണിനിരന്ന വിളംബര റാലി നടന്നു. തുടർന്ന് കലോത്സവ നഗരിയിൽ ദാറുൽഹുദാ ട്രഷറർ കെ.എം സൈദലവി ഹാജി സമസ്തയുടെയും ടീം മാനേജർമാർ സ്ഥാപനങ്ങളുടെയും പതാകകൾ ഉയർത്തി. ദാറുൽഹുദാ ശിൽപി ഡോ. യു. ബാപ്പുട്ടി ഹാജി, സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവരുടെ ഖബ്ര് സിയാറത്തിന് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി നേതൃത്വം നൽകി. അഞ്ച് പ്രധാന വേദികളടക്കം പത്ത് വേദികളാണ് സിബാഖിനായി സജ്ജമാക്കിയിട്ടുള്ളത്. നേരത്തെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദാറുൽഹുദാ യു.ജി കോളേജുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ നിന്നു യോഗ്യത നേടിയ വിദ്യാർത്ഥികളാണ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കുന്നത്.