മലപ്പുറം: ഒരൊറ്റ ക്ലിക്കിൽ സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിലും ഓരോ പൗരന്റെയും ആരോഗ്യവിവരങ്ങൾ ലഭ്യമാവുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ ചേർത്തത് 25 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ. നിലവിൽ 60 ശതമാനമെന്നത് ഫെബ്രുവരി പകുതിയോടെ 90 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ വരെ 18 ശതമാനമായിരുന്നത് ജനുവരിയിലെ മികച്ച പ്രവർത്തനത്തിലൂടെയാണ് ഉയർത്തിയത്. ആദ്യഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ ആധാർ അടക്കമുള്ള വിവരങ്ങളാണ് വീടുകൾ കയറി ശേഖരിക്കുന്നത്. രണ്ടാംഘട്ടത്തിൽ മുനിസിപ്പാലിറ്റി പരിധികളിലുള്ളവരെയും ഉൾപ്പെടുത്തും. ഇഴഞ്ഞു നീങ്ങുന്ന ഇ- ഹെൽത്ത് പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ആരോഗ്യവിഭാഗം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായി സ്ഥലം നിശ്ചയിക്കുകയും വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ആധാർ നമ്പർ ബന്ധിപ്പിച്ചാവും ഇ-ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മലപ്പുറം ഉൾപ്പെടെ ഏഴ് ജില്ലകളാണ് ഉൾപ്പെട്ടത്. രണ്ടുവർഷം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിധി അവസാനിക്കാറായിട്ടും വിവരശേഖരണം ഏറെ വൈകിയത് തിരിച്ചടിയായി.
പ്രവർത്തനം ഇങ്ങനെ
ജെ.പി.എച്ചുമാർ മുഖേന നേരിട്ടും സർക്കാർ ആശുപത്രികൾ വഴിയും ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്രീകൃത സർവറിൽ സൂക്ഷിക്കും.
ജില്ലയിൽ ഹോസ്പിറ്റൽ സോഫ്റ്റുവെയർ ലഭ്യമാകുന്നതോടെ ഓരോ വ്യക്തിക്കും പ്രത്യേക ഐ.ഡി നമ്പർ നൽകാനാവും.
ഐ.ഡി നമ്പർ ആശുപത്രിയിൽ കാണിക്കുന്നതോടെ രോഗിയുടെ പ്രാഥമിക വിവരങ്ങൾ ഡോക്ടറുടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.
ഡോക്ടറുടെ മുന്നിൽവച്ച് രോഗിയുടെ ഫിംഗർ പ്രിന്റ് കൂടി വയ്ക്കുന്നതോടെ വിശദവിവരങ്ങൾ ലഭിക്കും.
എല്ലാം ഞൊടിയിടയിൽ
ആരോഗ്യ വിവരങ്ങൾ ആധാർ കാർഡ് വഴി കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതിനാൽ അടിയന്തര ഘട്ടങ്ങളിലടക്കം തുടർചികിത്സ വേഗത്തിൽ ഉറപ്പാക്കാം. ആശുപത്രിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം രോഗിക്ക് ലഭിക്കും.
ടെസ്റ്റ് റിസൽട്ടുകൾ ഉടനടി ഡോക്ടർമാരുടെ കമ്പ്യൂട്ടറിൽ. കാലതാമസം ഒഴിവാകും.
സാംക്രമിക രോഗങ്ങളുടെ ഉത്ഭവം കണ്ടെത്താം. രോഗവ്യാപനം വേഗത്തിൽ നിയന്ത്രിക്കാനാവും.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായും മുൻകൂട്ടിയും നടത്താം.
ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ പദ്ധതി നടപ്പാക്കുന്നതോടെ ലഭിക്കും.
ആശുപത്രികളിലെ മരുന്നുകളുടെ സ്റ്റോക്ക് നിലവാരം മനസ്സിലാക്കാം. തീരുന്ന മുറയ്ക്ക് സംഭരിക്കാനാവും.
' ഇ-ഹെൽത്ത് പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. വിവരശേഖരണത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി എം.ആർ. വാക്സിനേഷൻ അടക്കമുള്ളവ കൊണ്ട് വൈകി."
ഡോ. അഫ്സൽ,
ഡെപ്യൂട്ടി ഡി.എം.ഒ