പൊന്നാനി: നാലു ചുമരുകൾക്കുള്ളിലെ ഏകാന്തതയിൽ കിടപ്പിലായവരെ സംഗീതത്തിന്റോയും കരുതലിന്റെയും കാരുണ്യ സംഗമത്തിലേക്ക് വരവേറ്റ് നഗരസഭയുടെ സ്നേഹസംഗമം. റിപ്പബ്ലിക്ക് ദിനത്തിലാണ് കിടപ്പിലായ പാലിയേറ്റീവ് രോഗികളുടെ സ്നേഹ സംഗമം നഗരസഭ സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭ പാലിയേറ്റീവ് മാനേജ്മെൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഗമം നടന്നത്. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേർന്ന സംഗമത്തിൽ നഗരസഭയിലെ നിരവധി പരിരക്ഷാ രോഗികളും ബന്ധുക്കളും പങ്കെടുത്തു. തികച്ചും ഔപചാരികതയില്ലാതെ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവരെല്ലാവരും വളണ്ടിയേഴ്സ് ആയി മാറി. സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. പി.എസ്.സി ചെയർമാൻ എം.കെ സക്കീർ, നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ മുഴുവൻ സമയ വളണ്ടിയർമാരായി. പൊന്നാനിയിലെ ഗായക സംഘങ്ങളും കലാകാരന്മാരും സംഗമത്തിന് മാറ്റു കൂട്ടി. വിവിധ വീടുകളിൽ നിന്നും സംഘടനകളിൽ നിന്നും സൗജന്യമായി വിഭവ സമൃദ്ധമായ ഭക്ഷണം സംഗമത്തിൽ എത്തിച്ചു നൽകി. ജീവകാരുണ്യ മേഖലയിലെ പൊന്നാനിയിലെ സ്ത്രീകളുടെ കൂട്ടായ്മയായ "പെൺജീവനം" ഇതിന് നേതൃത്വം നൽകി. രാവിലെ 10 മണിക്ക് തുടങ്ങിയ സംഗമം വൈകീട്ട് 4.30 ന് അവസാനിക്കുമ്പോൾ മനം നിറയെ സന്തോഷവും കൈ നിറയെ സമ്മാനങ്ങളുമായാണ് പരിരക്ഷാ രോഗികൾ വീടുകളിലേക്ക് തിരിച്ചത്.
പൊന്നാനി നഗരസഭ സംഘടിപ്പിച്ച പരിരക്ഷ സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ