പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ 38.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ഇൻഡോർ മാർക്കറ്റിന് വൈദ്യുതി മന്ത്രി എം. എം മണി ഫെബ്രുവരി 11ന് തറക്കല്ലിടുമെന്ന് നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം കൗൺസിൽ യോഗത്തിൽ അറിയിച്ചു. പ്രവൃത്തിയുടെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനും യോഗം തീരുമാനിച്ചു. പഴയ മാർക്കറ്റ് ഘട്ടം ഘട്ടമായി പൊളിച്ചാണ് നിർമ്മാണം. 2.78 ഏക്കറിൽ മൂന്ന് നിലകളിലായി പച്ചക്കറി- മീൻ മാർക്കറ്റ്, ഷോപ്പിങ് കോംപ്ലക്സ്, മൾട്ടിപ്ലക്സ് തിയേറ്റർ സൗകര്യങ്ങളും 300 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. കരാറുകാർക്കുള്ള ലാഭത്തിന്റെ ഏഴര ശതമാനം കുറച്ചാണ് സൊസൈറ്റി നിർമ്മാണം ഏറ്റെടുക്കുന്നത്. ഒന്നര വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ഇതിനായി ഹഡ്‌കോ 20 കോടി രൂപ വായ്പയും നൽകും. ഇത് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരത്തിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന് പദ്ധതി രേഖ തയ്യാറാക്കുന്നതിന് അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാനും യോഗം തീരുമാനിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ 400 ഓളം കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിലേക്കുള്ള വെളളം, വൈദ്യുതി, റോഡ് എന്നീ പൊതു സൗകര്യങ്ങൾ നഗരസഭ നേരിട്ട് ഏറ്റെടുത്ത് ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ രണ്ട് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ധാരണാപത്രം നാഷനൽ ആയുഷ് മിഷനുമായി ഒപ്പു വെക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 75 ലക്ഷം രൂപ ആയുഷ് മിഷൻ ഈ വർഷം അനുവദിച്ചിട്ടുണ്ട്. അടുത്ത വർഷവും 75 ലക്ഷം അനുവദിക്കും. 50 ലക്ഷം നഗരസഭയും വഹിച്ചാണ് പദ്ധതി പൂർത്തീകരിക്കുക.