clipart
കുഷ്ഠരോഗം

മലപ്പുറം: സമൂഹത്തിലെ കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അശ്വമേധം പരിപാടിയെ തുടർന്ന് ജില്ലയിൽ ജനുവരി 20 വരെ 37 കേസുകൾ സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയിലെ 99,3559 വീടുകളിലെ 40,744,75 ആളുകളെ പരിശോധിച്ചതിൽ 9,802 സംശയാസ്പദ വ്യക്തികളെ കണ്ടെത്തുകയുണ്ടായി. തുടർന്ന് സംഘടിപ്പിച്ച 32 ത്വക് രോഗ ക്യാമ്പുകളിലെ വിദ്ഗധ പരിശോധനയ്ക്ക് ശേഷമാണ് 37 കേസുകൾ കണ്ടെത്തിയത്. പുരുഷന്മാരിൽ 30 പേർക്കും സ്ത്രീകളിൽ ഏഴ് പേർക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അഞ്ചിനും 14 വയസ്സിനുമിടക്കുള്ള മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. കൂടാതെ ട്രൈബൽ വിഭാഗത്തിൽപ്പെട്ട എട്ട് പേരിലും രണ്ട് അതിഥി തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 26 പേർ അധിക രോഗാണുബാധിതരും ചികിത്സ തുടങ്ങും മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പരത്താനിടയുള്ളവരുമായിരുന്നു.
മലയോര - ട്രൈബൽ മേഖലയിൽ നിന്നും 12 ഉം തീരമേഖലയിൽ നിന്ന് 11 ഉം കേസുകളാണ് കണ്ടെത്തിയത്. ജില്ലയുടെ മറ്റു മേഖലകളിൽ നിന്ന് 14 കേസുകൾ കണ്ടെത്തി. പ്രത്യക്ഷത്തിൽ ലക്ഷണമുണ്ടായിട്ടും നാളിതുവരെ ചികിത്സ തേടാത്ത മൂന്ന് പേരെയും പരിശോധനയിൽ കണ്ടെത്തി. കണ്ടെത്തിയവരിൽ അഞ്ചു മുതൽ 80 വയസുള്ളയാൾക്ക് വരെ പുതുതായി ചികിത്സ നൽകി.
ഡിസംബർ അഞ്ച് മുതൽ രണ്ടാഴ്ചക്കാലം വരെയാണ് ജില്ലയിൽ അശ്വമേധം പരിപാടി സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച 9,414 സന്നദ്ധപ്രവർത്തകരാണ് പരിപാടിയുടെ ഭാഗമായി വീടുകളിൽ എത്തി പരിശോധന നടത്തിയത്. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് 942 സൂപ്പർവൈസർമാരും പരിപാടിയുടെ ഭാഗമായിരുന്നു. കാമ്പയിൻ പ്രഖ്യാപിച്ചത് മുതൽ ജില്ലയിൽ ഒട്ടേറെ പ്രചാരണ പരിപാടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.