parappanagadi
പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമാണം ഉദ്ഘാടനം നടക്കുന്ന അങ്ങാടി കടപ്പുറം ഉൾപ്പെടുന്ന പ്രദേശം

പരപ്പനങ്ങാടി: ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ ചേരിത്തിരിവിനും തുടക്കം കുറിച്ച പരപ്പനങ്ങാടി ഫിഷിങ് ഹാർബറിന്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നടക്കും. ഹാർബറിനായി കിഫ്‌ബിയിൽ 112 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഹാർബർ സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് കഴിഞ്ഞ നിയമസഭ തിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. ഹാർബറിനായി അനുയോജ്യ സ്ഥലം കണ്ടെത്തിയ ആലുങ്ങൽ ഭാഗങ്ങളിലും തറക്കലിട്ട ചാപ്പപ്പടി പ്രദേശം ഉൾപ്പെട്ട ഭാഗങ്ങളിലും യു.ഡി.എഫ് ഏറെ പിന്നോട്ടുപോയപ്പോൾ എൽ.ഡി.എഫിന് ഇവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തെന്നലയും, നന്നമ്പ്രയും മാത്രമാണ് യു.ഡി.എഫിനെ പിന്തുണച്ചത് . 40,000ത്തിലധികം വോട്ടുകൾ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തിൽ സിഡ്‌കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് എതിർസ്ഥാനാർഥിയായതോടെ ഭൂരിപക്ഷം ആറായിരത്തിൽ താഴെയായി. പരപ്പനങ്ങാടിയുടെ ഏറെകാലത്തെ ആവശ്യമായ ഹാർബർ സമവായത്തിലൂടെ യാഥാർത്ഥ്യമാക്കാനായതും തുക നീക്കിവെച്ചതും ഇടതുസർക്കാരിന്റെ നേട്ടമായി ഉയർത്തികൊണ്ടുവന്നേക്കുമെന്ന ഭയം ലീഗിനുണ്ട്.

ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറത്തു നിന്ന് തെക്കുമുറിത്തോട് വരെയുള്ള ഭാഗങ്ങളിൽ ഹാർബർ നിർമ്മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂനയിൽ നിന്നുള്ള വിദഗ്ദ സംഘം അനുയോജ്യമെന്ന് കണ്ടെത്തിയതും ഇവിടെയായിരുന്നു. എന്നാൽ പരപ്പനങ്ങാടിയിലെ ചാപ്പപ്പടിയിൽ ഹാർബർ നിർമ്മിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ വലിയ തോതിലുള്ള ചേരിതിരിവിനും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കി. മുസ്‌ലിം ലീഗിലും ഹാർബർ വിഷയം കടുത്ത ഭിന്നത സൃഷ്ടിച്ചു. എം.എൽ.എ പി.കെ.അബ്ദുറബ്ബ് പലതവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതോടെ ഹാർബർ നിർമ്മാണ പ്രവർത്തനം അനശ്ചിതമായി നീണ്ടു. ചേരി തിരിഞ്ഞുള്ള മാർച്ചും ധർണയും പരപ്പനങ്ങാടിയിൽ അരങ്ങേറി. ഇതിനിടയിൽ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ചാപ്പപ്പടിയിൽ ഹാർബറിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. എന്നാൽ ചാപ്പപ്പടിയിൽ ഹാർബർ നിർമ്മാണം അസാധ്യമാണെന്നും പൂനയിലെ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയ സ്ഥലത്തു തന്നെ ഹാർബർ നിർമ്മാണം നടത്തണമെന്ന എൽ.ഡി.എഫ് നിലപാട് കടുപ്പിച്ചതോടെ ഹാർബർ നിർമ്മാണം അനശ്ചിതമായി നീണ്ടു. എൽ.ഡി.എഫ് സർക്കാരിനും പരപ്പനങ്ങാടിയിലെ ഹാർബർ വിഷയം കീറാമുട്ടിയായി . ഫിഷറീസ് വകുപ്പുമന്ത്രി പല തവണ പരപ്പനങ്ങാടിയിൽ എത്തുകയും നിർദ്ദിഷ്ട ഹാർബർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് മൂന്നംഗ വിദഗ്ദ സമിതിയെ ഇതിനായി നിയമിക്കുകയും എം.എൽ.എ അടക്കമുള്ള ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുകയും ചെയ്തു.

സമവായ ചർച്ചയിൽ ഹാർബർ മുറിത്തോടും അങ്ങാടി കടപ്പുറവും കൂടി ആകെ 665 മീറ്റർ നീളത്തിൽ നിർമ്മിക്കാനാണ് ധാരണയായത്. മുരിത്തോട് ഉൾപ്പെടുത്തി 65 മീറ്റർ തെക്കു കൂട്ടിയാണ് സമവായത്തിൽ എത്തിയത് . ഇതിനു ശേഷമാണ് കിഫ്ബിയിൽ നിന്നും 112 കോടി ഹാർബറിന് അനുവദിച്ചതായി ഫിഷറീസ് മന്ത്രിയുടെ പ്രസ്താവനയുണ്ടായത്. ഇതോടെ മരവിച്ചു കിടന്ന പരപ്പനങ്ങാടി ഫിഷിങ് ഹാർബറിന് പുതുജീവൻ കൈവന്നിട്ടുണ്ട്.