പൊന്നാനി: റോഡ് വികസനത്തിന്റെ ഭാഗമായി മാറഞ്ചേരിയിൽ നിന്ന് വേരോടെ പിഴുതെടുത്ത് പൊന്നാനി പൈതൃക മ്യൂസിയം കോമ്പൗണ്ടിൽ പുനർജന്മം നൽകിയ ആൽമരത്തിന്റെ നില അത്യാസന്നമെന്ന് വിദഗ്ദസംഘം. പ്രളയജലം കയറിയിറങ്ങിയ ശേഷം കരിഞ്ഞുണങ്ങാൻ തുടങ്ങിയ ആൽമരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാനെത്തിയ കേരള വനം ഗവേഷണ പഠനകേന്ദ്രത്തിനു കീഴിലെ മരാരോഗ്യ വിഭാഗത്തിന്റെതാണ് കണ്ടെത്തൽ. ആൽമരത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിഗമനം. പുളി വെള്ളം കയറി നാശം സംഭവിച്ച മരത്തടിയിൽ വലിയ രീതിയിലുള്ള കീടബാധ ഉണ്ടായിട്ടുള്ളതായി സംഘം കണ്ടെത്തി. ആൽമരത്തിന് ഉണക്കം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് വിദഗ്ദ സംഘമെത്തിയത്. തായ് തടിയിലുണ്ടായ വലിയ രീതിയിലുള്ള കീടബാധയെ ഒഴിവാക്കുകയും നിലവിലുള്ള പുതിയ കൊമ്പുകളുടെ വേരുകളുടെ വളർച്ചയെ വേഗത്തിലാക്കുകയും ചെയ്യാനായാൽ മാത്രമെ ആൽമരത്തിന്റെ പുനരുജ്ജീവനം സാദ്ധ്യമാകൂ. തായ്തടിയിൽ നിന്നും ജീവൻ അവശേഷിക്കുന്ന വേരുകളെ വേർത്തിരിച്ച് നേരിട്ട് മണ്ണിലേക്ക് ഇറങ്ങാൻ സഹായിക്കുകയുമാണ് പ്രാഥമിക ചികിത്സാരീതിയായി ചെയ്യാനുള്ളത്. പ്രളയവും ഉപ്പ് വെള്ളവും എത്രമാത്രം ആഴത്തിലാണ് മരത്തെ ബാധിച്ചിട്ടുള്ളതെന്നറിയാനും, പെട്ടന്നുള്ള മരത്തിന്റെ ഉണക്കത്തിന്റെ കാരണം പ്രളയ ജലമല്ലാതെ മറ്റെന്തെങ്കിലുമാണോ എന്ന് പഠിക്കുന്നതിനുമായി മരത്തിന്റെ തടി തൊലിമണ്ണ് എന്നിവയുടെ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു. കെ.എഫ്.ആർ.എെ പ്രിൻസിപ്പൾ സൈന്റിസ്റ്റും റിസർച്ച് കോർഡിനേറ്ററുമായ ഡോ. പിവി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആദ്യഘട്ട ചികിത്സകൾക്കും പുനരുജ്ജീവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക. എന്റമോളജി വിഭാഗം റീസർച്ച് ഫെല്ലൊ തുഷാർ, തോമസ് എന്നിവരുടെ സംഘമാണ് മരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ പരിശോധന ക്കാനും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി പൊന്നാനിയിൽ എത്തിയത്. ഇവർ തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ എം എഫ് ഐ വിദഗ്ദ സമിതിയെ നിയമിക്കുക. മരത്തിന്റെ തായ്തടിയിലും താഴെയുള്ള മണ്ണിലും മണ്ണെണ്ണയുടേത് പോലുള്ള ഒരു വസ്തുവിന്റെ സാന്നിധ്യമുള്ളതായി പ്രാഥമിക പരിശോധനയിൽ കാണാനായിട്ടുണ്ട്. ഇത് എതെങ്കിലും തരത്തിൽ മരത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ടൊയെന്നും പരിശോധിക്കും. ശേഖരിച്ച സാമ്പിളുടെ ശാസ്ത്രീയ പരിശോധനാ ഫലംകൂടി പുറത്ത് വന്നാലെ അതേകുറിച്ച് പറയാൻ കഴിയൂ എന്ന് റിസർച്ച് ഫെല്ലൊ തുഷാർ പറഞ്ഞു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ ജയരാജൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ജമാലുദ്ധീൻ മാറഞ്ചേരി, മിഷൻ ബോധി കോർഡിനേറ്റർ ജമാൽ പനമ്പാട്, പൈതൃകമ്യൂസിയം ക്യൂറേറ്റർ പിവി യാസിർ എന്നിവർ വിദഗ്ദ സംഘത്തോടൊപ്പമുണ്ടായിരുന്നു.