sudheera
പരിശീലനം നേടിയവരോടൊപ്പം നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം പങ്കുചേർന്നപ്പോൾ

പെരിന്തൽമണ്ണ: നഗരസഭ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സുധീര പദ്ധതിയിൽ പെൺകരുത്തിന്റെ പ്രതീകമായി വനിതാ കായിക പരിശീലനത്തിൽ ഏഴാമത്തെ ബാച്ച് പരിശീലനം പൂർത്തീകരിച്ചു. സംസ്ഥാനത്തു തന്നെ ആദ്യമായി സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള കായിക പരിശീലനം 2013-14 പദ്ധതി വർഷത്തിൽ പെരിന്തൽമണ്ണ നഗരസഭ ഏറ്റെടുത്തത്. ആദ്യ ബാച്ചിൽ കേവലം 150 വനിതകളാണ് പരിശീലനത്തിന് എത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ വനിതാ പങ്കാളിത്തം വർദ്ധിച്ചു വന്നു. 2018-19 വർഷത്തെ ഏഴാമത്തെ ബാച്ചിൽ 800 വനിതകളാണ് പരിശീലനത്തിനായി എത്തുന്നത്. 34 വാർഡിലും സന്നദ്ധരായ എല്ലാ വനിതകൾക്കും സുരക്ഷ-പ്രതിരോധം എന്നിവയിലൂന്നിയുള്ള മാർഷ്യൽ ആർട്സ് കായിക പരിശീലനങ്ങളാണ് ആദ്യഘട്ടത്തിൽ കൊടുത്തു തുടങ്ങിയത്. ഇത് പിന്നീട് വ്യായാമ മുറകളടക്കമുള്ള പരിശീലനത്തിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോൾ എല്ലാ ഞായറാഴ്ച്ചകളിലും ആറ് മേഖലാ കേന്ദ്രങ്ങളിൽ വെച്ച് വുഷൂ, കരാട്ടേ, കളരി, തുടങ്ങിയ കായികാഭ്യാസമുറകൾ പരിശീലിപ്പിക്കുന്നതോടെപ്പം എല്ലാ ദിവസവും സുംബ, എറയോബിക്സ്സ്, യോഗ, മെഡിറ്റേഷൻ എന്നിവയിൽ കൂടി പരിശീലനം നൽകുന്നത്തോടെ സുധീര പ്രവർത്തനം ദൈനംദിന സ്ത്രീ ശാക്തീകരണ പ്രവർത്തനമായി മാറി കഴിഞ്ഞു. 65 വയസ്സുള്ള ലീലാമ്മ ടീച്ചർ മുതൽ ആറുവയസ്സുകാരി പി.വി സവേരി വരെ വ്യത്യസ്ത പ്രായത്തിലുള്ള 800 ഓളം പേർക്കാണ് ഇപ്പോൾ പരിശീലനം നൽക്കുന്നത്. ഇതിനകം 3670 ഓളം പേർക്ക് പദ്ധതി വഴി പരിശീലനം നൽകി കഴിഞ്ഞു. ഏഴാം ബാച്ചിന്റെ പരിശീലന വാർഷികാവലോകനം പരിശീലനം സിദ്ധിച്ച വനിതകളെ മുഴുവൻ അണിനിരത്തി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തി. പരിശീലനം നേടിയവരുടെ സംഗമം നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ശോഭന അദ്ധ്യക്ഷയായി. കൗൺസിലർമാരായ എ.നസീറ, അമ്പിളി മനോജ്, ഷഫീന ടീച്ചർ, സുന്ദരൻ കാരയിൽ, ഐ.സി.ഡി എസ് സൂപ്രവൈസർ കെ. ആയിഷ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എം.പ്രേമലത എന്നിവർ സംസാരിച്ചു.