മഞ്ചേരി: പി.എം.എ.വൈ ഭവന പദ്ധതിയിൽ അഞ്ചാംഘട്ടത്തിലുള്ള ഗുണഭോക്താക്കൾക്കുള്ള പദ്ധതി വിഹിതം സംബന്ധിച്ചു മഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം. ഗുണഭോക്താക്കൾക്ക് വീടുവെക്കാനുള്ള തുക മൂന്നു ലക്ഷമാക്കി ചുരുക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ ഭരണ നേതൃത്വം അജണ്ട അംഗീകരിച്ചു. ഇത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ സർക്കാർ നിർദ്ദേശപ്രകാരമാണ് തുക കുറച്ചതെന്നാണ് ഭരണ നേതൃത്വത്തിന്റെ വിശദ്ദീകരണം. 28ന് ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പ്രത്യേകം ചർച്ച ചെയ്യാൻ ഇന്നലെ അടിയന്തര യോഗം ചേരുകയായിരുന്നു. പ്രതിപക്ഷം തുക കുറക്കുന്നതിനെതിരെ തുടക്കം മുതൽതന്നെ പ്രതിഷേധവുമായെത്തി. തികച്ചും ജനവിരുദ്ധ സമീപനമാണ് ഭവനരഹിതർക്കു വീടു നൽകാനുള്ള പദ്ധതിയിൽ ഭരണ നേതൃത്വം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, പ്രതിപക്ഷാംഗം ഫസ്‌ല എന്നിവർ കുറ്റപ്പെടുത്തി. പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കുന്ന സമയം നാലു ലക്ഷം രൂപ നൽകുമെന്നാണ് നഗരസഭാധികൃതർ ഗുണഭോക്താക്കളെ വിശ്വസിപ്പിച്ചത്. ഇതനുസരിച്ചു വീടു നിർമ്മാണ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെയാണ് തുക വെട്ടിക്കുറച്ചത്. അഞ്ചാം ഘട്ടത്തിൽ തുക അനുവദിക്കുന്നതു സംബന്ധിച്ചു സർക്കാർ നിർദ്ദേശം വന്ന ശേഷമാണ് അപേക്ഷ ക്ഷണിക്കൽ പോലും നടന്നത്. നിബന്ധനങ്ങൾ അറിഞ്ഞുകൊണ്ട് വീടില്ലാത്ത അപേക്ഷകരിൽ വിവേചനമുണ്ടാക്കുകയാണ് നഗരസഭയെന്നും സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭകളിലൊന്നായ മഞ്ചേരിയിൽ ഇതംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് ഫിറോസ് ബാബു പറഞ്ഞു. പിഎംഎവൈ പദ്ധതിയിൽ അനർഹരെ ഉൾക്കൊള്ളിച്ച ഭരണ നേതൃത്വത്തിന്റെ നടപടി തിരുത്തിയാൽതന്നെ അധിക തുക കണ്ടെത്താനാവുമെന്നും പ്രതിപക്ഷം വാദിച്ചു. എന്നാൽ ഇതു മുഖവിലക്കെടുക്കാതെ നഗരസഭാധ്യക്ഷ നടപടികളുമായി മുന്നോട്ടു പോയപ്പോൾ പ്രതിപക്ഷം വിയോജന കുറിപ്പു നൽകുകയായിരുന്നു.
എന്നാൽ പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുകയാണെന്നും പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി സംസ്ഥാന സർക്കാറാണ് തുക വെട്ടിക്കുറക്കാൻ നഗരസഭകൾക്കു നിർദ്ദേശം നൽകിയതെന്നും നഗരസഭാധ്യക്ഷ വി എം സുബൈദ വ്യക്തമാക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്കു പിഎംഎവൈ പദ്ധതിപ്രകാരം വീടു നൽകുന്ന നഗരസഭയാണ് മഞ്ചേരി. ആയിരത്തിൽപരം ഗുണഭോക്താക്കളുള്ള പദ്ധതിയിൽ അഞ്ചാം ഘട്ടത്തിൽ മാത്രം 636 പേരാണ് വീടിനു അപേക്ഷിച്ചിരിക്കുന്നത്. പദ്ധതിയുടെ യഥാർഥ തുകയായ മൂന്നു ലക്ഷം രൂപയിലധികം അനുവദിക്കുകയാണെങ്കിൽ അധിക തുക നഗരസഭകൾ കണ്ടെത്തണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ ഇത്രയധികം ഗുണഭോക്താക്കൾക്കു ഒരു ലക്ഷം രൂപ വീതം അധികമായി കണ്ടെത്തുക പ്രയാസമാണെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.