മഞ്ചേരി: റോഡു നവീകരണ പ്രവൃത്തികൾക്കിടെ മഞ്ചേരിയിലും പരിസരങ്ങളിലും ആവർത്തിക്കുന്ന വാഹനാപകടങ്ങളിൽ ജനരോഷം ശക്തമാവുന്നു. സുരക്ഷ മുൻകരുതലുകളൊന്നുമില്ലാതെ തുടരുന്ന റോഡു നിർമ്മാണം യാത്രക്കാരുടെ ജീവനെടുക്കുന്ന വിധത്തിലുള്ള അപകട പരമ്പരകൾക്കാണ് വഴിവെക്കുന്നത്. വിഷയത്തിൽ അനാസ്ഥ തുടർന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി വിവിധ സംഘടനകൾ രംഗത്തുണ്ട്. അധികൃതർ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഇഴഞ്ഞു നീങ്ങുന്ന നാടുകാണി പരപ്പനങ്ങാടി റോഡു നവീകരണ പ്രവൃത്തികളാണ് മഞ്ചേരി മേഖലയിൽ ഗതാഗത കുരുക്കും വാഹനാപകടങ്ങളും നിത്യ സംഭവമാക്കുന്നത്. സ്ഥലമേറ്റെടുപ്പിലെ മെല്ലെപ്പോക്ക് റോഡ് നിർമ്മാറ പ്രവൃത്തികളെ ബാധിച്ചതോടെ നിർമ്മാണം ഇഴയുകയാണ്. പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തത് നേരത്തെതന്നെ വെല്ലുവിളിയായിരുന്നു. പാതയുടെ ബഹുഭൂരിഭാഗവും കവർന്നു നടക്കുന്ന പ്രവൃത്തികളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമായ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. മതിയായ മുന്നറിയിപ്പ് ബോർഡുകളോ,സംരക്ഷണ സംവിധാനങ്ങളോ ഇല്ലാതെയുള്ള റോഡു പണിയാണ് അപകടങ്ങൾക്ക കാരണം. കഴിഞ്ഞ ദിവസം മദ്രസ അധ്യാപകനായ യുവാവ് മരിച്ചതും അധികൃത അനാസ്ഥയാലാണെന്നാണ് പരാതി ഉയരുന്നത്. നിരന്തരമാവർത്തിക്കുന്ന അപകടങ്ങൾ മരണത്തിനു കാരണമായ ശേഷം മാത്രമാണ് പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ ബന്ധപ്പെട്ടവർ മുന്നറിയിപ്പു ബോർഡുകൾ പോലും സ്ഥാപിച്ചിരിക്കുന്നത്. വീതി കുറഞ്ഞ റോഡിൽ ഓവു ചാലുകൾ നിർമിക്കാനായി കുഴിയെടുക്കുമ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ ഇടമില്ലാത്ത അവസ്ഥയാണുള്ളത്.