pravasi
പനമ്പിലായ്ക്കൽ നിയാസും പുഴുക്കത്തൊടി നിയാസും(നടുവിൽ)​ പ‍ഞ്ചർവാഹനവുമായി

മഞ്ചേരി: സൗദിയിലെ സ്വദേശിവത്കരണത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ ആനക്കയം സ്വദേശികളും സുഹൃത്തുക്കളുമായ രണ്ടു നിയാസുമാർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. എന്തു ചെയ്യണം?​ തലപുകഞ്ഞപ്പോൾ ഐഡിയ കിട്ടി. ഗൾഫിൽ ചെയ്തിരുന്ന ജോലി എന്തുകൊണ്ട് നാട്ടിലായിക്കൂടാ?​ ഹൈടെക് പഞ്ചർ ഒട്ടിപ്പ്. ഫിനഫിദിൽ എന്നു പേരിട്ട നിയാസുമാരുടെ കിടിലൻ ഐഡിയ ഫേസ്ബുക്കിലും വാട്സ്ആപ്പിലും മാത്രമല്ല,​ റോഡിലും ക്ളിക്ക്ഡ്.

സൗദിയിൽ,​ സഞ്ചരിക്കുന്ന പഞ്ചർ വാഹനത്തിൽ 12 വർഷമായി ജോലി നോക്കുകയായിരുന്നു പനമ്പിലായ്ക്കൽ നിയാസും പുഴുക്കത്തൊടി നിയാസും. നാട്ടിലെപ്പോലെ ബൈക്കിൽ ടൂൾസുമായി പോകുന്ന ചെറിയ സെറ്റപ്പല്ല ഗൾഫിൽ. ഏതു വാഹനത്തിന്റെയും പഞ്ചറടയ്ക്കുന്ന അത്യാധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച ഹൈടെക് വാൻ ആണ്.

വൈകിച്ചില്ല- സ്വന്തമായി പിക്അപ്പ് ലോറി വാങ്ങി കംപ്രസർ അടക്കം ഉപകരണങ്ങൾ ഘടിപ്പിച്ചു. ടയറുകൾ അഴിക്കാനും ഘടിപ്പിക്കാനും എയർഗൺ,​ എയർ ഗ്രീസ് സംവിധാനം. കംപ്രസറും മറ്റും പ്രവർത്തിപ്പിക്കാൻ ആട്ടോയുടെ എൻജിൻ ഉപയോഗിച്ച് പ്രത്യേക ഊർജ്ജ സംവിധാനവും ഒരുക്കി. സ്കൂട്ടർ മുതൽ ജെ.സി.ബി വരെ ഏതു വാഹനത്തിന്റെയും പഞ്ചർ അടയ്ക്കാം. മൊബൈലിൽ വിളിച്ചാൽ ഏതു നേരവും സർവീസ്. ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പും വഴിയാണ് പ്രചാരണം. നിതാഖത് കാരണം പെരുവഴിയിലായ നിയാസുമാർ പെരുവഴിയിൽ നിന്നു തന്നെ വിജയംകൊയ്ത് മധുരമായി പകരംവീട്ടുകയായിരുന്നു.