വളാഞ്ചേരി: സ്വന്തം സ്വപ്നങ്ങൾക്ക് സ്ത്രീകൾ പരിധി നിശ്ചയിക്കരുതെന്ന് പെരിന്തൽമണ്ണ സബ് കളക്ടർ അനുപം മിശ്ര പറഞ്ഞു. കേരളകൗമുദി പൂക്കാട്ടിരി സഫ കോളേജ് ഒഫ് ആർട്സ് ആന്റ് സയൻസിൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ വ്യക്തിത്വത്തെ വികസിപ്പിച്ചെടുക്കാനാവണം സ്ത്രീകളുടെ ശ്രമം. സമൂഹത്തോടുള്ള കടമ കൂടി നിർവഹിക്കുമ്പോഴാണ് ഒരു പൗരൻ എന്ന നിലയിൽ വ്യക്തിയുടെ ഉത്തരവാദിത്വം പൂർണ്ണമാവുന്നത്. ജോലി സമയം കഴിയുന്നതോടെ തീരുന്നതല്ല ഉത്തരവാദിത്വം. പൊതുജനസേവനത്തിൽ ഏർപ്പെടുമ്പോഴേ വ്യക്തിയെന്ന നിലയിൽ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നുള്ളൂ. -അദ്ദേഹം പറഞ്ഞു.
സഫ കോളേജ് പ്രിൻസിപ്പൽ നാലകത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. എജ്യുക്കേഷണൽ ട്രെയ്‌നർ ഉമ്മർ കരുവാരക്കുണ്ട്, മൗലാന ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ: റിയാസ് അലി എന്നിവർ ക്ലാസ്സെടുത്തു. കോളേജ് സൂപ്രണ്ട് അബ്ദുറഹ്മാൻ കുട്ടി, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ എക്സിക്യുട്ടീവ് സുബ്രഹ്മണ്യൻ എന്നിവർ ആശംസകളർപ്പിച്ചു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ സ്വാഗതവും കോളേജ് വിമൺസ് സെൽ കൺവീനർ പി. രഞ്ജിത നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണപൊന്ന ആയുർവേദിക് എം.ഡി. സുബൈർ സിന്ദഗിക്ക് സബ് കളക്ടർ അനുപംമിശ്ര ചടങ്ങിൽ ഉപഹാരം നൽകി.