മലപ്പുറം: ബംഗാളിലെ ബർദ്വാൻ സ്‌ഫോടനക്കേസിലെ പ്രതി അസം സ്വദേശി അബ്ദുളിനെ ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മലപ്പുറം എടവണ്ണയിലെ ഒരു പള്ളിയിൽ ഇമാമായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. ബംഗാൾ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ മലപ്പുറത്തുണ്ടെന്ന വിവരത്തെ തുടർന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗാൾ പൊലീസും ഇന്നലെ മലപ്പുറത്തെത്തി. 2014 ഒക്‌ടോബർ രണ്ടിനാണ് ബർദ്വാൻ സ്‌ഫോടനം നടന്നത്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ ബോംബുകൾ നിർമ്മിക്കുകയായിരുന്നു ഭീകരസംഘം. ബർദ്വാനിലെ കാഗ്രാഗഢിലെ വാടകവീട് കേന്ദ്രീകരിച്ചുള്ള ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഷക്കീൽ അഹമ്മദ്, സുവൻമണ്ഡൽ എന്നിവർ കൊല്ലപ്പെട്ടു. മൂന്നാമൻ അബ്ദുൾ ഹക്കീമിന് പരിക്കേറ്റു. തുടർന്ന് ഇയാളെയും മറ്റ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇവരിൽ ഒരാൾ സ്‌ഫോടനത്തിൽ മരിച്ച ഭീകരന്റെ വിധവയാണ്. ഇവർ നാലുപേരും ജമാഅത്തുൽ മുജാഹിദീൻ ബംഗ്ളാദേശ് (ജെ.എം.ബി) പ്രവർത്തകരാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. കേസിലെ മറ്റു പ്രതികളായ രണ്ടുപേരെ കഴിഞ്ഞ 29ന് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ആരംബാഗിൽനിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ജെ.എം.ബി ഭീകരരായ കാദർ കാസിം, സഹായി സജ്ജാദ് അലി എന്നിവരാണ് പിടിയിലായത്. സ്‌ഫോടന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നതായും എൻ.ഐ.എ സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെയും ബംഗ്ളാദേശിലേയും വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എൻ.ഐ.എ അധികൃതർ പറഞ്ഞു.