പാലക്കാട്: കാലംപഴക്കം ചെന്ന മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ കാര്യത്തിൽ ഈ വർഷത്തിലെങ്കിലും തീരുമാനമാകുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് സ്റ്റാന്റിന് സമീപത്തെ പഴക്കമുള്ള ബഹുനിലകെട്ടിടം ഇടിഞ്ഞുവീണതിനെ തുടർന്ന് സ്റ്റാന്റിലേക്കുള്ള ബസുകൾ നിരോധിക്കുകയും കെട്ടിടത്തിലെ കടകൾ ഒഴുപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, തകർന്ന കെട്ടിടത്തിന്റെ ബാക്കിഭാഗവും നഗരപരിധിയിലെ അപകടാവസ്ഥയിലുള്ള 16 കെട്ടിടങ്ങളും പൊളിച്ചുമാറ്റാനും നോട്ടീസ് നൽകയിരുന്നു.പക്ഷേ, മാസങ്ങൾ പലതു കഴിഞ്ഞിട്ടും ഇവയെല്ലാം ഇപ്പോഴും പഴയതുപോലെ തന്നെയാണ്.

ഇടിഞ്ഞുവീണ കെട്ടിടത്തിലുള്ള മറ്റ് കടമുറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കടകൾ ഇതേ കെട്ടിടത്തിൽതന്നെ പ്രവർത്തിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ജീവനക്കാർ ഹൈക്കോടതിൽ കേസ് കൊടുത്തിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ വാദം കേൾക്കാനായി നഗരസഭ ഹിയറിംഗ് നടത്തണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തുടർച്ചയായി നടന്ന ആറു കൗൺസിൽ യോഗങ്ങളും ശുചീകരണ തൊഴിലാളികളുടെ നിയമന വിഷയത്തിൽ മുടങ്ങിയതാണ് നടപടികൾ വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.

 എല്ലാ വിഷയങ്ങളെ സംബന്ധിച്ചും കൗൺസി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം ഉണ്ടായാൽ മാത്രമേ ടെൻഡർ ഉൾപ്പെടെയുള്ള തുടർ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു. നിരന്തരമായി ആറു യോഗങ്ങളും ബഹളത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. സ്റ്റാന്റിൽ നിന്ന് നിലവിൽ ചെർപ്പുളശ്ശേരി റൂട്ടിലേക്ക് മാത്രമാണ് ബസ് സർവീസ് ഉള്ളത്. ഇത് വിദ്യാർത്ഥികളെയും മറ്റും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

അബ്ദുൾ ഷുക്കൂർ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ