ഒറ്റപ്പാലം: പാതയോരത്ത് പൂന്തോട്ടം തീർത്ത് മാതൃകയാകുകയാണ് ഷമീർ എന്ന യുവാവ്. നഗരത്തിലെ ടി.ബി.റോഡിൽ ഫെഡറൽ ബാങ്കിന് മുന്നിലാണ് ചുനങ്ങാട് ഓണപ്പറമ്പിൽ 31 കാരനായ ഷമീർ സഹജീവൻ എന്ന പേരിൽ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഉടമയായ ഷമീർ സ്വന്തം ചെലവിൽ കാശിതുമ്പ മുതൽ ആൽമരതൈ വരെ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ആൽമരം മുറിച്ചുകളഞ്ഞ ഭാഗത്താണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്.
റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ആൽമരക്കൊമ്പ് പൊട്ടിവീണ് ഉണ്ടായ അപകടം തെന്നിമാറിയത് കണ്ടാണ് ഷമീർ മരം മുറിച്ച് മാറ്റുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയത്. മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് സ്ഥലം വൃത്തിയാക്കി ഷമീർ പൂന്തോട്ടം നിർമ്മിച്ചത്. വെട്ടിക്കളഞ്ഞ ഒരു മരത്തിന് പകരം ആര്യവേപ്പ്, തുളസി, പനിനീർകൂർക്ക, തക്കാളി, മുളക്, പ്ലാവ്, കാശുതുമ്പ, പത്തുമണിപൂ, തെച്ചി, റോസ് എന്നിവയാണ് ഇവിടെയുള്ളത്.
വെട്ടിയ ആൽമരക്കുറ്റിക്ക് മുകളിൽ ഒരു ചട്ടിവെച്ച് അതിൽ അലങ്കാരമത്സ്യങ്ങളും വളർത്തുന്നുണ്ട്. കഴിഞ്ഞ ഓണക്കാലം മുതലാണ് പുന്തോട്ടത്തിനായുള്ള പണിതുടങ്ങിയത്. സ്റ്റുഡിയോയിലെ വരുമാനത്തിൽ നിന്ന് ചെറിയ തുക മാറ്റിവെച്ചാണ് പൂന്തോട്ടനിർമ്മാണം. പുതുതലമുറയ്ക്ക് മാതൃകയാകുകയെന്നതാണ് തന്റെ ആഗ്രഹമെന്നും കുറച്ച് സ്ഥലത്ത് പുല്ല് വച്ചുപിടിപ്പിക്കാനാണ് ഇപ്പോൾ ശ്രമമെന്നും ഷമീർ പറഞ്ഞു.