ആലത്തൂർ: ജ്വല്ലറി കവർച്ചയ്ക്ക് പദ്ധതിയിട്ട മോഷ്ടാക്കളെ തോക്കുൾപ്പടെയുള്ള ആയുധങ്ങളുമായി ആലത്തൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണമ്പ്ര കാരപ്പൊറ്റ മാട്ടുവഴിയിൽ അബ്ദുൾ സലാം (24), കോട്ടയം പാമ്പാടി പാറേപ്പറമ്പിൽ വീട്ടിൽ റെലിൻ ജോസഫ് കുര്യൻ (24), കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കുരുശുമൂട്ടിൽ വീട്ടിൽ ജാക്‌സൻ (24) എന്നിവരാണ് പിടിയിലായത്.

ആലത്തൂർ, വടക്കഞ്ചേരി ഭാഗങ്ങളിലെ സെക്യൂരിറ്റിയില്ലാത്ത ജ്വല്ലറിയിൽ കവർച്ച നടത്താൻ രണ്ടുമാസം മുമ്പ് പദ്ധതിയിട്ട സംഘം കാരപ്പൊറ്റ സ്വദേശിയായ അബ്ദുൾ സലാമിനെ കവർച്ചയ്ക്ക് അനുയോജ്യമായ ജ്വല്ലറി കണ്ടെത്താൻ ഏൽപ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തി. വീട്ടുകാരോടും നാട്ടുകാരോടും തമിഴ്‌നാട്ടിൽ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് അബ്ദുൾ സലാം വടക്കഞ്ചേരിയിലെയും ആലത്തൂരിലെയും വിവിധ ലോഡ്ജുകളിൽ താമസിച്ച് ജ്വല്ലറികൾ നിരീക്ഷിച്ച് വരികയായിരുന്നു.
ജ്വല്ലറിയെ കുറിച്ച് അബ്ദുൾ സലാം വിവരം നൽകിയതനുസരിച്ച് മുമ്പ് മോഷ്ടിച്ച മാലയുടെ പങ്കുപറ്റാനായി കോട്ടയത്ത് നിന്നും ആലത്തൂരിലെ ലോഡ്ജിലെത്തിയതാണ് മറ്റുള്ളവർ. ദിവസങ്ങൾക്കു മുമ്പ് തന്നെ കവർച്ചാ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച ആലത്തൂർ പൊലീസും, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് വേഷപ്രച്ഛന്നരായി നിന്ന് സാഹസികമായാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് പിസ്റ്റൾ റൗണ്ട് എന്നിവ കണ്ടെടുത്തു.

പുതുവത്സര ആഘോഷത്തിനിടയിൽ കവർച്ച നടത്താനായിരുന്നു സംഘം പദ്ധതിയിട്ടത്. വിവിധ ജില്ലകളിൽ മോഷണം, പിടിച്ചുപറി, അടിപിടി, ലഹരി കടത്ത് എന്നീ കേസുകളിലും ഇവർ പ്രതികളാണ്. പാലക്കാട് മേലേപട്ടാമ്പിയൽ രണ്ടുമാസം മുമ്പ് ബൈക്ക് മോഷ്ടിച്ചതും കോട്ടയം പൊൻകുന്നത്ത് ഡിസംബർ 26ന് വീട്ടമ്മയുടെ മാല കവർന്നതും ഇവരാണെന്നും സമ്മതിച്ചു. മോഷ്ടിച്ച ബൈക്കും മാലയും പൊലീസ് പിടിച്ചെടുത്തു.
പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായും ജില്ലയിലെ വിവിധ ബാങ്കുകൾ, എ.ടി.എമ്മുകൾ കേന്ദ്രീകരിച്ചും സംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി. കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ സി.ഐ. എലിസബത്ത്, എസ്.ഐ. കമറുദ്ദീൻ വള്ളിക്കാട്, സിവിൽ പൊലീസ് ഓഫീസർ പ്രകാശൻ, ഷിഹാബ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ജലീൽ, നസീറലി, കൃഷ്ണദാസ്, റഹിം മുത്തു, രജീദ് സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.