നവോത്ഥാന മതിലിന് ഉറപ്പേകി മൂന്നുലക്ഷത്തിലധികം വനിതകൾ
പാലക്കാട്: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി - മത - ലിംഗ വിവേചനങ്ങൾ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വനിത മതിൽ ചരിത്രത്തിന്റെ ഭാഗമായി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോൾ മുതൽ ചെറുതുരുത്തി വരെയുള്ള 26 കിലോമീറ്ററിൽ മതിൽ തീർത്തത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ - ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ തുടങ്ങിയവർ മതിലിൽ കണ്ണികളായി. അഭിവാദ്യമർപ്പിക്കാൻ സമാന്തരമായി പുരുഷ മതിലും ഉയർന്നു. 3.45 ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിൽ റോഡിന് വലതു വശത്തായി അണിനിരന്നു. തുടർന്ന് നവോത്ഥാന പ്രതിജ്ഞയെടുത്തു.
സ്ത്രീ മുന്നേറ്റത്തിന് പുതിയ ചരിത്രം സൃഷ്ടിച്ച് ലിംഗസമത്വവും തുല്യനീതിയും നവോത്ഥാന ആശയങ്ങളും വർഗീയതയ്‌ക്കെതിരായ മതനിരപേക്ഷതയുടെ മൂല്യവും ഉയർത്തിപ്പിടിച്ചുള്ള മുന്നേറ്റം കേരള ചരിത്രത്തിൽ ഇടം പിടിക്കുമെന്നും നാളത്തെ കേരളത്തെ നിർണയിക്കാൻ പെൺ മുന്നേറ്റങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും തുടക്കമായി മാറുമെന്നും പട്ടാമ്പിൽ വനിത മതിലിന് അഭിവാദ്യമർപ്പിക്കാനെത്തിയ എം ബി രജേഷ് എം.പി പറഞ്ഞു. സ്ത്രീകളെ മതത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും പേരിൽ തളച്ചിടാനുള്ള നീക്കങ്ങൾക്കെതിരെ ഉയർന്നു വന്ന വനിത മതിൽ നവോത്ഥാന മൂല്യങ്ങളിൽ നിന്നും പിറകോട്ട് വലിക്കാൻ ആര് ശ്രമിച്ചാലും സാധ്യമല്ലെന്ന് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ്. മല്ലിക കൊപ്പത്ത് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തിൽ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, വിവിധ പ്രദേശങ്ങളിൽ സന്നിഹിതരായിരുന്നു.
പട്ടാമ്പി, കൊപ്പം, പുലാമന്തോൾ, കുളപ്പുള്ളി എന്നിവിടങ്ങളിൽ പൊതുസമ്മേളനം നടന്നു. കുളപ്പുള്ളിയിൽ മന്ത്രി എ.കെ ബാലനും പട്ടാമ്പിയിൽ കെ.കൃഷ്ണൻകുട്ടിയും പങ്കെടുത്തു. ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു കുളപ്പുള്ളിയിൽ പങ്കെടുത്തു.
പട്ടാമ്പിയിൽ പ്രൊഫ. സി.പി.ചിത്ര, രക്തസാക്ഷി പി.കെ.രാജന്റെ മാതാവ് പി.കെ സരോജിനി, വള്ളുവനാട്ടിലെ നവോത്ഥാന പോരാട്ടങ്ങളുടെ നേതാക്കളായിരുന്ന പളളം ആര്യം പള്ളം ദമ്പതികളുടെ മകൾ പി.മുരളി ടീച്ചർ, ഗംഗാദേവി, പ്രശസ്ത ചിത്രകാരി ദുർഗ മാലതി, ഡോ. എൻ.കെ.ഗീത കായികതാരം വർഷ മുരളീധരൻ, വി.ടി.ഭട്ടതിരിപ്പാടിന്റെ കൊച്ചുമകൾ വി.ടി മഞ്ചരി തുടങ്ങിയവർ പങ്കെടുത്തു.
കുളപ്പുള്ളിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, സി.പി.ഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ്, സുമലത മോഹൻദാസ്, വിജയലക്ഷ്മി, സി.കെ ജാനു തുടങ്ങിയവർ പങ്കെടുത്തും. പുലാമന്തോളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഈശ്വരിരേശൻ, മുൻ എം.എൽ.എമാരായ എം.ചന്ദ്രൻ, ഗിരിജ സുരേന്ദ്രൻ, മുൻ എം.പി എൻ.എൻ.കൃഷ്ണദാസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, കൊപ്പത്ത് വിജയൻ കുനിശ്ശേരി, ഇന്ദിരാ ബാലകൃഷ്ണൻ, പട്ടാമ്പിയിൽ വി. ചാമുണ്ണി, കെ.മല്ലിക, വനിത വികസന കോർപ്പറേഷൻ കെ.എസ് സലീഖ എന്നിവർ സംസാരിച്ചു.