ചിറ്റൂർ: ബൈക്കും കള്ളുകയറ്റിപോവുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കോയമ്പത്തൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കോയമ്പത്തൂർ ഇടയാർപാളയം തെരുവ് സ്വദേശി ഖാദറിന്റെ മകൻ അർഷാദ് (19) കുനിയംമ്പത്തൂർ കുറിഞ്ചി നഗർ മെയ്ദിന്റെ മകൻ റിയാസ്(18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ തത്തമംഗലം - മേട്ടുപ്പാളയത്തിനു സമീപമാണ് അപകടം. പുതുനഗരത്തെ സുഹൃത്തിന്റെ ബന്ധുവിട്ടിൽപോയി മടങ്ങുകയായിരുന്ന അർഷദും റിയാസും സഞ്ചരിച്ച ബൈക്കും വണ്ണാമടയിൽ നിന്നും ആലപ്പുഴയിലേക്ക് കള്ളുമായിപോവുകയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അർഷാദ് ചിറ്റൂർ താലൂക്കാശുപത്രിയിൽ വച്ചും റിയാസ് ജില്ലാ ആശുപത്രിയിൽ വച്ചും മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യകോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. ചിറ്റൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സൗജയാണ് മരിച്ച അർഷാദിന്റെ അമ്മ. അമീൻ, അൻഷാദ് എന്നിവർ സഹോദരങ്ങളാണ്. താജു നിസയാണ് റിയാസിന്റെ അമ്മ.