road
കുഴികളടച്ച മംഗലം ഗോവിന്ദാപുരം പാതയിലെ മെറ്റൽ ഇളകിയ നിലയിൽ.

വടക്കഞ്ചേരി: തകർന്ന് കിടന്നിരുന്ന മംഗലം​- ഗോവിന്ദാപുരം പാതയിൽ കഴിഞ്ഞ ദിവസം കുഴികൾ അടച്ചത് വഴിപാടാകുന്നു. പണി പൂർത്തിയായി വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ അടച്ച കുഴിയിലെ മെറ്റലെല്ലാം അടർന്നു തുടങ്ങി. ചിറ്റിലഞ്ചേരി കവല മുതൽ മംഗലം പാലം വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് കഴിഞ്ഞ ദിവസം അടച്ചത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പാതയുടെ മിക്ക ഭാഗങ്ങളിലും തകർന്ന് വലിയ കുഴികളായിരുന്നു.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നതും പതിവായിരുന്നു. പാതയുടെ നെന്മാറ എൻ.എസ്.എസ് മുതൽ ഗോവിന്ദാപുരം വരെയുള്ള ചിറ്റൂർ ഡിവിഷന്റെ ഭാഗങ്ങളിൽ രണ്ടുമാസം മുമ്പ് തന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കനത്ത മഴയിൽ തകർന്ന ഭാഗങ്ങൾ കൂടുതൽ തകർന്നുവെങ്കിലും ആലത്തൂർ ഡിവിഷന്റെ കീഴിലുള്ള ഭാഗം നന്നാക്കിയില്ല.

കഴിഞ്ഞ ദിവസമാണ് ഈ ഭാഗത്ത് കുഴിയടച്ച് തുടങ്ങിയത്. മെറ്റലും ടാറും ശരിയായി ചേരാത്തതിനാൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ചെറു മെറ്റലുകൾ ഇളകിപ്പോയി. ചില ഭാഗങ്ങളിൽ കുഴികളടച്ചത് നിലവിലെ പാതയേക്കാളും ഉയരത്തിലായതും വാഹനങ്ങൾക്ക് അപകട ഭീഷണിയായി.

കൂടുതൽ തകർന്ന നീലിച്ചിറ വളവിലെയും കടമ്പിടി ഭാഗത്തെയും കുഴികൾ ഇനിയും അടച്ചിട്ടില്ല. അറ്റകുറ്റപ്പണി പൂർണമായും നടത്തുന്നതിന് 15 ലക്ഷം രൂപയുടെ അനുമതിയായിട്ടുണ്ടെന്നും ഇപ്പോൾ താൽക്കാലികമായി മാത്രം നടത്തിയതാണെന്നുമാണ് പൊതുമരാമത്ത് അധികൃതരുടെ ഭാഷ്യം.