നെന്മാറ: നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിൽ ആതനാട് മലയിലെ മുഴുവൻ പ്ലാസ്റ്റിക്കുകളും നിർമ്മാർജ്ജനം ചെയ്ത് കേരളത്തിന് മാതൃകയായി ആസാമിലെ എൻ.എസ്.എസ് വളണ്ടിയർമാർ. ആസാമിൽ നിന്നും എത്തിയ 48 യുവാക്കളും, സെന്റർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേർണിംഗിലെ 25 യുവാക്കളും ചേർത്താണ് പ്രളയം തകർത്ത ആതനാട് മലയുടെ വശങ്ങളും, മുകൾ വശവുമടക്കം പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കിയത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുന: ചംക്രമണം നടത്തുക എന്ന ആശയവുമായി ബോധവത്കരണവും സംഘടിപ്പിച്ചു. നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേർണിംഗിന്റെയും, ആസാം മാധബ്ദേവ് യൂണിവേഴ്‌സിറ്റിയിലെ എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരള മിഷൻ, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം യു.അസീസ് ഉദ്ഘാടനം നിർവഹിച്ചു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായി. യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ: ദീപക് ദാസ് മുഖ്യാഥിതിയായി. ഐറിഷ് വത്സമ്മ, പ്രസാദ് മാണിക്, വിഷ്ണു, അമൽ.കെ.വി എന്നിവർ സംസാരിച്ചു. കേരളത്തിന്റെ സംസ്‌കാരവും ജീവിത രീതിയും, ഗ്രാമീണ കലാ സംസ്‌കാരവും പഠിക്കാനായി എത്തിയ ഇവർ ആതനാട് മലയിലെ മാലിന്യങ്ങൾ നേരിട്ട് കണ്ടപ്പോൾ സേവനത്തിനായി ഇറങ്ങിയതാണിവർ.