sabarimala

രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കല്ലേറിൽ തകർന്നു

മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റം

പാലക്കാട്: യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയും ബി.ജെ.പിയും നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. മൂന്ന് പൊലീസുകാരും രണ്ട് മാദ്ധ്യമ പ്രവർത്തകരും പ്രതിഷേധക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കല്ലേറിൽ തകർന്നു.

പരിക്കേറ്റ കർമ്മ സമിതി പ്രവർത്തകരായ സ്മിതേഷ്, സാബു, കണ്ണൻകുട്ടി എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻപേട്ടയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ശ്രീധരൻ കുറിയേടത്ത്,​ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ പ്രസാദ് എന്നിവർക്ക് കുപ്പിയേറിൽ പരിക്കേറ്റു. ഫോട്ടോഗ്രാഫർമാർക്ക് നേരെയും വ്യാപക കൈയേറ്റമുണ്ടായി.

ചിറ്റൂരിൽ നിന്ന് തൃശൂരിലേക്ക് പോയ ട്രാൻ. ബസിന് നേരെ കൊടുവായൂരിലും കഞ്ചിക്കോട് വച്ച് പാലക്കാട്ടേക്ക് വരികയായിരുന്ന മറ്റൊരു ബസിന് നേരെയുമാണ് കല്ലേറുണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ താരേക്കാട് മുതൽ കോട്ടമൈതാനം അഞ്ചുവിളക്ക് വരെയും വടക്കന്തറ മുതൽ ശകുന്തള ജംഗ്ഷൻ വരെയും രണ്ട് പ്രതിഷേധ പ്രകടനം നടന്നു.പ്രതിഷേധക്കാർ സുൽത്താൻ പേട്ടയിൽ മന്ത്രി എ.കെ. ബാലൻ വിശ്രമിക്കുന്ന കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് പാഞ്ഞടുത്തു. പൊലീസിനെ മറികടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ ലാത്തിവീശി. നാനാഭാഗത്തേക്ക് ചിതറിയോടിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലേറും കുപ്പിയേറും നടത്തി.

കഴിഞ്ഞ ദിവസം വനിതാ മതിലിന് ശേഷം പാലക്കാട്ട് തങ്ങിയ മന്ത്രി ഇന്നലെ എറണാകുളത്തെ ഒരു പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഘർഷം മണിക്കൂറുകളോളം നീണ്ടതോടെ മന്ത്രിക്ക് യാത്ര തിരിക്കാനായില്ല. റോഡുമാർഗമുള്ള യാത്ര ഒഴിവാക്കണമെന്ന് തിരുവനന്തപുരത്ത് നിന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം ട്രെയിനിൽ എറണാകുളത്തേക്ക് പോകാനായി ഐ.ബിയിൽ തങ്ങുകയായിരുന്നു മന്ത്രി.