temple

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നടത്തിയ ഹ‌ർത്താലിൽ വടക്കൻ ജില്ലകളിൽ വ്യാപക അക്രമം. കണ്ണൂ‌ർ തലശേരി കൊളശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബേറുണ്ടായി. രണ്ട് നാടൻ ബോംബുകൾ എറിഞ്ഞെങ്കിലും പൊട്ടിയില്ല. പയ്യന്നൂർ എടാട്ട് കെ.എസ്.ആർ.ടി.സി ബസ്സിനു നേരെ അക്രമികൾ കല്ലെറിഞ്ഞു. പലയിടത്തും കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം ബി.ജെ.പി പ്രവർത്തകരെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. താളിക്കാവിൽ സന്നദ്ധ സംഘടനയായ തണലിന്റെ വാഹനം ഒരു സംഘം അടിച്ചു തകർത്തു. കാൽടെക്സ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികളും സി.പി.എം പ്രവർത്തകരും ഏറ്റുമുട്ടി.

ബി.ജെ.പി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ഹരിദാസിന്റെ തിരുവങ്ങാട് കല്ലായിത്തെരുവിലെ വീടിനു നേരെ അക്രമമുണ്ടായി. വീട്ടിലേക്ക് സ്റ്റീൽ ബോംബെറിഞ്ഞ അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി വീട്ടുപകരണങ്ങൾ തകർത്തു. ഹരിദാസിന്റെ ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു.

മിഠായിത്തെരുവ്

യുദ്ധഭൂമിയായി

കോഴിക്കോട്ട് മിഠായിത്തെരുവ് ഹർത്താൽഅനുകൂലികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടര മണിക്കൂറോളം യുദ്ധഭൂമിയായി. നിരവധി കടകളുടെ ചില്ലുകൾ തകർന്നു.സംഘർഷത്തിനിടെ മിഠായിത്തെരുവിലെ ഗണപതി മാരിയമ്മൻ ക്ഷേത്ര വളപ്പിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി.

ഇതേ വളപ്പിലാണ് വിശ്വഹിന്ദു പരിഷത്ത് കാര്യാലയം.

രാവിലെ പത്തു മണിയോടെ ഏതാനും കടകൾ തുറന്ന ശേഷം വ്യാപാരികൾ മിഠായിത്തെരുവിൽ പ്രകടനം നടത്തി തിരികെ എത്തുമ്പോഴേക്കും ഹർത്താൽ അനുകൂലികൾ പ്രകടനമായെത്തി കടകൾക്കു നേരെ അക്രമം തുടങ്ങിയിരുന്നു. തുറന്നിരുന്ന കടകളെല്ലാം ഇതോടെ അടച്ചു.

പൊലീസ് ലാത്തിവീശി അക്രമികളെ ഒാടിക്കാൻ ശ്രമിച്ചപ്പോൾ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കാസർകോട് ജില്ലയിലും ഹർത്താലിന്റെ മറവിൽ വ്യാപക അക്രമങ്ങളുണ്ടായി. ചരലടുക്കയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പലേടത്തും സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായി.കല്ലേറിൽ ആറ് കെ.എസ്.ആർ.ടി.സി ബസുകൾ തകർന്നു. നീലേശ്വരത്ത് ബി.ജെ.പി ഓഫീസ് തകർത്തു.

പള്ളിക്കര പൂച്ചക്കാട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതാവിന്റെ വീടിനു മുന്നിൽ റീത്ത് വെച്ചു. നുള്ളിപ്പാടിയിൽ ബി.ജെ.പി മുൻ നഗരസഭാ കൗൺസിലർക്കും കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ സി.പി.എം പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ജില്ലയുടെ പല ഭാഗത്തും റോഡുകളിൽ തീ കത്തിച്ച് ഹ‌ർത്താൽ അനുകൂലികൾ ഉപരോധം സൃഷ്ടിച്ചു.

പാലക്കാട്ട്

തെരുവുയുദ്ധം

പാലക്കാട്ട് ഹർത്താൽ ബി.ജെ.പി​- സി.പി.എം പ്രവ‌ർത്തക‌ർ തമ്മിലുള്ള തെരുവുയുദ്ധമായി. നഗരത്തിലും ഒറ്റപ്പാലത്തും ഇരുവിഭാഗങ്ങളുടെ ഏറ്റുമുട്ടലിലും കല്ലേറിലും പൊലീസ് ലാത്തിച്ചാർജിലും നിരവധി പേ‌ർക്ക് പരിക്കേറ്റു. പൊലീസുകാർക്കും ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ് ഉടുമ്പശേരി ഉൾപ്പെടെ മാദ്ധ്യമപ്രവർത്തക‌ർക്കും പരിക്കുണ്ട്. അക്രമ സംഭവങ്ങളിൽ നാല്പതോളം പേ‌ർ അറസ്റ്റിലായി

സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു. രാവിലെ ബി.ജെ.പി പ്രകടനത്തിനിടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും വൈകിട്ട് എൽ.ഡി.എഫ് നടത്തിയ പ്രകടനത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും അക്രമമുണ്ടായി. വെണ്ണക്കരയിൽ സി.പി.എം നേതൃത്വത്തിലുള്ള വായനശാലയ്ക്ക് അക്രമികൾ തീവച്ചു. ഒറ്റപ്പാലത്ത് കല്ലേറിൽ 15 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാർ തകർത്തു. തത്തമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിന് നേരെയും കല്ലേറുണ്ടായി.

പാലക്കാട്ട് സംഘർഷത്തിനിടെ പൊലീസ് ലാത്തിവീശി. വിക്ടോറിയ കോളേജിന് മുന്നിലും സംഘർഷമുണ്ടായി. കോളേജ് ഹോസ്റ്റലിൽ കയറിയ അക്രമികൾ വിദ്യാർത്ഥികളെ പൂട്ടിയിട്ടു. പൊലീസിനെ കല്ലെറിഞ്ഞവ‌‌ർക്കു നേരെ ഗ്രനേഡും പല തവണ കണ്ണീർ വാതകവും പ്രയോഗിച്ചു. ഉച്ചയ്ക്കു തുടങ്ങിയ സംഘർഷത്തിന് രാത്രിയും അയവില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

തൃശൂരിൽ മൂന്നു

പേർക്ക് വെട്ടേറ്റു

തൃശൂർ വാടാനപ്പിള്ളിയിൽ ബി.ജെ.പി പ്രവർത്തകരായ സുജിത്ത്, രതീഷ്, കൃഷ്ണൻകുട്ടി എന്നിവർക്ക് അക്രമങ്ങളിൽ വെട്ടേറ്റു. വടക്കാഞ്ചേരിയിൽ സി.പി.എം ഓഫീസിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കൊച്ചുകടവിൽ ബി.എം.എസ് ഓഫീസിനുനേരെയും കല്ലേറുണ്ടായി. ശക്തൻ സ്റ്റാൻഡിൽ കർണാടക കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് കല്ലേറിൽ തകർന്നു. രാമനിലയത്തനു മുന്നിലെ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ഓഫീസും ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ കാന്റീനും അടിച്ചുതകർത്തു. സ്വരാജ് റൗണ്ടിൽ പൊലീസ് ലാത്തിവീശി.

മലപ്പുറം ജില്ലയിൽ ശബരിമല കർമ്മ സമിതി പ്രവർത്തകരും സി.പി.എമ്മുകാരും നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടി. അക്രമങ്ങളിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊന്നാനിയിൽ എസ്.ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്കുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നൂറോളംപേരെ കസ്റ്റഡ‌ിയിലെടുത്തു.

തവനൂരിൽ പുലർച്ചെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അക്രമികൾ തീവച്ചു. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായി കത്തിനശിച്ചു. തിരൂർ പുറത്തൂർ കാവിലക്കാട് തുറന്ന ബേക്കറിക്കും ഫാൻസി കടയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ ബോംബെറിഞ്ഞു.

എടപ്പാളിൽ പൊലീസ് നാലുതവണ ഗ്രനേഡ് പ്രയോഗിച്ചു. സി.പി.എം പിന്തുണയോടെ കടകൾ തുറക്കാൻ ഒരുവിഭാഗം വ്യാപാരികൾ ശ്രമിച്ചത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെ ഇരുകൂട്ടരും ഏറ്റുമുട്ടി. മണിക്കൂറുകളോളം നീണ്ട സംഘർഷത്തിൽ നാല് പൊലീസുകാരടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു.