plastic
ശ്രീകൃഷ്ണപുരത്തെ പ്ലാസ്റ്റിക് സംഭരണ യൂണിറ്റിൽ നിന്ന് പൊടിച്ച പ്ലാസ്റ്റിക് വില്പന നടത്തുന്നു

ശ്രീകൃഷ്ണപുരം: പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി ചെയ്താൽ അതൊരു വരുമാന മാർഗം കൂടിയാവുമെന്ന് തെളിയിക്കുകയാണ് പഞ്ചായത്ത് ഹരിത കർമ്മസേന. 2017 നവംബറിലാണ് 12 കുടുംബശ്രീ അംഗങ്ങളടങ്ങുന്ന ഹരിത കർമ്മ സേന രൂപീകരിച്ചത്.

വീടുകളിൽ നിന്ന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ശേഖരിച്ച് സംഭരണ കേന്ദ്രത്തിലെത്തിക്കും. ഇതിന് വീടുകളിൽ നിന്ന് നൽകുന്ന 20 രൂപ യൂസർ ഫീ ഉപയോഗിച്ചാണ് കൂലി നൽകിയിരുന്നത്. പഞ്ചായത്ത് 2018 മേയ് മാസത്തിൽ സംസ്‌കരണ യൂണിറ്റാരംഭിച്ചതോടെ പ്ലാസ്റ്റിക്ക് പൊടിക്കുന്നതിനും ഇവർ വൈദഗ്ദ്ധ്യം നേടി. ഇതിനോടകം 3000 കിലോ പ്ലാസ്റ്റിക്ക് പൊടിച്ചുകഴിഞ്ഞു.
പൊടിച്ച പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനി വഴി റീ ടാറിംഗിന് കിലോയ്ക്ക് 20 രൂപ നിരക്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന നിർദ്ദേശം വന്നതോടെ യൂണിറ്റിലേക്ക് ആവശ്യക്കാർ യഥേഷ്ടം എത്തി തുടങ്ങി.

യൂസർ ഫീ എല്ലാ വീടുകളിൽ നിന്നും ഒരു പോലെ കിട്ടില്ലെന്നത് കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾ പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ പ്ലാസ്റ്റിക്ക് പൊടിച്ച് റീ ടാറിംഗിന് കൊടുക്കാൻ സാധിക്കുന്നതോടെ പുതിയ വരുമാന മാർഗം കണ്ടെത്തിയ സന്തോഷത്തിലാണ് ഇവർ. പൊടിച്ച പ്ലാസ്റ്റിക്കിന്റെ ആദ്യവില്പന കുമരംപുത്തുർ പഞ്ചായത്തിലെ റീ ടാറിംഗ് പ്രവർത്തികൾക്കായി നൽകി തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ഷാജു ശങ്കർ ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണപുരത്തെ പ്ലാസ്റ്റിക് സംഭരണ യൂണിറ്റിൽ നിന്ന് പൊടിച്ച പ്ലാസ്റ്റിക് വില്പന നടത്തുന്നു