പാലക്കാട്: സംസ്ഥാനത്ത് ജനുവരി 22നകം 105000 പട്ടയങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. നിലവിൽ മൂന്നു ലക്ഷത്തോളം പേരാണ് ജില്ലയിൽ ഭൂരഹിതരായിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ കാലാവധി തികയ്ക്കുന്നതിനകം അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റവന്യൂ, വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരിധിയിലുള്ള ഭൂമിയിലെ തർക്കം പരിഹരിച്ച് നിയമപരമായ സംരക്ഷണം നൽകി ഭൂമിക്ക് കൈവശാവകാശ രേഖ നൽകും. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി.
എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, എം.എൽ.എമാരായ കെ.ബാബു, മുഹമ്മദ് മുഹ്‌സിൻ, പി.ഉണ്ണി, കെ.വി.വിജയദാസ്, പി.കെ.ശശി, കെ.ഡി.പ്രസേനൻ, ഷാഫി പറമ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ കളക്ടർ ഡി.ബാലമുരളി, ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം ടി.വിജയൻ എന്നിവർ പങ്കെടുത്തു.
വിതരണം ചെയ്തത് 3253 പട്ടയങ്ങൾ
മണ്ണാർക്കാട്, ചിറ്റൂർ താലൂക്കുകളിലെ 931 ആദിവാസി പട്ടയങ്ങളുൾപ്പെടെ 3253 എണ്ണം വിതരണം ചെയ്തു. 682.54 ഹെക്ടർ ഭൂമിക്കാണ് പട്ടയം നൽകിയത്. മണ്ണാർക്കാട് താലൂക്കിലെ 740 ആദിവാസി കുടുംബങ്ങൾക്കും ചിറ്റൂർ താലൂക്കിലെ 191 ആദിവാസി കുടുംബങ്ങൾക്കും പട്ടയം വിതരണം ചെയ്തു. നെല്ലിയാമ്പതി മേഖലയിലെ 104 ആദിവാസികുടുംബങ്ങൾക്ക് ആദ്യമായി പട്ടയം വിതരണം ചെയ്തു. 1964ലെ പട്ടയം അസൈൻമെന്റ് 60, വനാവകാശ രേഖ 200, ലക്ഷംവീട് കോളനി 120, ലാൻഡ് ട്രൈബ്യൂണൽ പട്ടയം 1898, മിച്ചഭൂമി 28, മിച്ചഭൂമി (ഓഫർ)16 എന്നീ വിഭാഗങ്ങളിലുള്ള പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനായി 10 കൗണ്ടറുകൾ സജ്ജമായിരുന്നു.
ഫോട്ടോ.. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ജില്ലാതല പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു