വടക്കഞ്ചേരി: മുടപ്പല്ലൂരിൽ സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം. മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. അഞ്ചര പവന്റെ സ്വർണ്ണമാല കവർന്നു. മുടപ്പല്ലൂർ പടിഞ്ഞാറെത്തറ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാറിന്റെയും, ബ്രാഞ്ച് മെമ്പർ സുരേഷ് ബാബുവിന്റെയും വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സന്തോഷ് കുമാറിന്റെ ഭാര്യ ജയലക്ഷ്മി (41), സഹോദരി ലീല (55), സുരേഷ് കുമാറിന്റെ അമ്മ തങ്കമ്മ (72) എന്നിവർക്കാണ് പരക്കേറ്റത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പത്തോടെ മാരകായുധങ്ങളുമായി ഇരുപതോളം വരുന്ന സംഘം വീടുകളിൽ അതിക്രമിച്ച് കയറുകയായിരുന്നു. സന്തോഷ് കുമാറിന്റെ വീട്ടിനുള്ളിൽ കയറിയ അക്രമികൾ ഭാര്യയെയും സഹോദരിയെയും അടിച്ച് വീഴ്ത്തി. ലീലയുടെ കഴുത്തിലെ അഞ്ചര പവന്റെ താലിമാലയും പൊട്ടിച്ചെടുത്തു. മൊബൈലും കവർന്നു. വീട്ടിനുള്ളിൽ ടി.വി, ഫർണീച്ചറുകൾ, വാതിലുകൾ, ജനൽചില്ലുകൾ, ഷോ കേസ് എന്നിവയെല്ലാം തല്ലിതകർത്തു. വീടിന് മുറ്റത്തുണ്ടായിരുന്ന രണ്ട് വളർത്ത് നായകളെയും സംഘം ക്രൂരമായി വെട്ടിപരക്കേല്പിച്ചു.
സന്തോഷ് കുമാറിനെ വീടിനുള്ളിൽ അടച്ചിട്ടതിനാൽ പരിക്കുപറ്റിയില്ല. ഈ ആക്രമണത്തെ തുടർന്നാണ് സമീപത്ത് തന്നെയുള്ള പടിഞ്ഞാറെത്തറ ബ്രാഞ്ചംഗം സുരേഷ് ബാബുവിന്റെ വീടും ആക്രമിച്ചത്. വീടുകളുടെ ജനൽചില്ലുകളും ലൈറ്റുകളും തകർത്ത ആക്രമികൾ സുരേഷ് ബാബുവിന്റെ അമ്മ തങ്കമ്മയ്ക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി. ആക്രമണം നടന്ന വീടുകൾ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ സന്ദർശിച്ചു. വീടുകൾക്ക് ഉള്ളിൽ കയറി സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നത് നീതികരിക്കാൻ കഴിയാത്താതാണെന്നും വീട്ടുപകരണങ്ങൾ തകർക്കുകയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ കൊള്ളയടിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറയേറ്റംഗം സി.കെ.ചാമുണ്ണി, ഏരിയാ സെക്രട്ടറി കെ.ബാലൻ, ജില്ലാ കമ്മിറ്റി അംഗം ടി.എം.ശശി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.