palam
കഴിഞ്ഞദിവസം കുണ്ടറചോല താൽകാലിക പാലത്തിൽ മണൽചാക്ക് പൊട്ടിയത് കാരണം അപകടത്തിൽപെട്ട വാഹനം.

നെല്ലിയാമ്പതി: പ്രളയത്തിൽ ഒലിച്ചുപോയ കുണ്ടറചോല പാലത്തിന് പകരം താൽക്കാലികമായി മണൽച്ചാക്കുകൾ കൊണ്ട് നിർമ്മിച്ച പാലം അപകട ഭീഷണിയാകുന്നു.

തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും റോഡുമാർഗം നെന്മാറയിൽ എത്തുന്നതിന് വേണ്ടിയാണ് താൽക്കാലിക പാലം നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. ക്രമേണ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഈ പാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. എന്നാൽ പാലത്തിൽ കഴിഞ്ഞ നാല് മാസങ്ങളായി യാതൊരുവിധ അറ്റകുറ്റപണിയും നടത്തിയിട്ടില്ല.

നനഞ്ഞ പാറപ്പൊടി ചാക്കിലാക്കിയാണ് താൽക്കാലിക പാലം നിർമ്മിച്ചത്. നാലുമാസം കഴിഞ്ഞതോടെ വെയിലിന്റെ ആഘാതം മൂലം ചാക്കുകൾ ദ്രവിച്ച് പൊട്ടി പാറപ്പൊടി പുറത്തുവന്ന അവസ്ഥയാണ്. പാലത്തിൽ കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭാരം കാരണം ചാക്കുകൾ പൊട്ടുകയും ചെയ്യുന്നു. പാറപ്പൊടി ഉണങ്ങിയത് കാരണം പാലത്തിന്റെ പലഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം പാലത്തിന് മുകളിലുള്ള സിമന്റ് ചാക്കുകൾ പൊട്ടിയതുകാരണം ഒരു വശത്തേക്ക് നിയന്ത്രണം വിട്ട് പോയെങ്കിലും കല്ലുകളിൽ തങ്ങിനിന്നതിനാൽ വൻദുരന്തം ഒഴിവായി. ഇത്തരം സാഹചര്യത്തിൽ പാലത്തിൽ അടിയന്തിരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ വൻ അപകടങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെ.ആരോഗ്യം ജോയ്‌സൺ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുണ്ടറചോല താൽക്കാലിക പാലത്തിൽ മണൽച്ചാക്ക് പൊട്ടിയത് കാരണം അപകടത്തിൽപ്പെട്ട വാഹനം