ആലത്തൂർ: സർവകലാശാലകളും കൃഷി ഓഫീസർമാരും സാങ്കേതിക വിദ്യയും കൂടിയിട്ടും കൃഷിഭൂമി കുറഞ്ഞ് വരുന്നത് പഠന വിധേയമാക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കാർഷിക സർവകലാശാല ഹോർട്ടികൾച്ചറൽ വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേള സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിയെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും കർഷകനെ ഓർക്കാത്തതാണ് പ്രശ്നം. കൃഷിയും കർഷകനും ആവശ്യമില്ലാത്ത സിന്തറ്റിക് ഭക്ഷണം, ജനിതമാറ്റം വരുത്തിയ വിളകൾ എന്നിവയുമായി കോർപ്പറേറ്റുകൾ വരാൻ പോവുകയാണ്. റബ്ബർ ഒഴികെ ഒരു കൃഷിയും ശാസ്ത്രീയമായി ചെയ്യാൻ ഇതുവരെ കേരളത്തിലെ കർഷകർ പഠിച്ചില്ല.
1970ൽ അഞ്ചേക്കർ നെൽകൃഷിയിൽ നിന്ന് മാസം 1200 രൂപ വരുമാനം കിട്ടിയിരുന്നു. അന്ന് കളക്ടർക്ക് 950 രൂപയായിരുന്നു ശമ്പളം. ഇന്ന് പത്തേക്കറിൽ നിന്ന് 10,000 രൂപയാണ് വരുമാനമെന്നാണ് സർവകലാശാലയുടെ കണക്ക്. സർക്കാർ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ശമ്പളം എത്രയോ ഇരട്ടിയും.
കാർഷികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനികളുടെ ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് തിരികെ കിട്ടാൻ വ്യവസ്ഥ ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 20,000 ഹെക്ടറിൽ ജലസേചനം വിഭാവനം ചെയ്ത മലമ്പുഴ പദ്ധതിയിൽ ഇപ്പോൾ 15,000 ഹെക്ടറിൽ മാത്രമാണ് ജലസേചനം എന്നിട്ടും വെള്ളം കിട്ടാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കും. അടുത്ത സംസ്ഥാന ബഡ്ജറ്റിൽ ജില്ലയിലെ ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന പദ്ധതികൾ ഉണ്ടാകും.
കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി.കെ.ചാമുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരൻ, റാണി പ്രകാശ്, എം.വി.രശ്മി, കെ.രമ എന്നിവർ സംസാരിച്ചു.
ആലത്തൂരിൽ കാർഷിക സർവകലാശാല ഹോർട്ടികൾച്ചറൽ വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേള സമാപനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു