palam
ചെർപ്പുളശ്ശേരി കീഴൂരിലെ നീർപ്പാലം.

ചെർപ്പുളശേരി: വള്ളുവനാടൻ പ്രകൃതി സൗന്ദര്യത്തിന്റെയും മലനിരകളുടെയും പച്ചപ്പിൽ സഞ്ചാരികളുടെ ഇഷ്ടയിടമായി മാറുകയാണ് കീഴൂരിലെ നീർപ്പാലം. കിഴൂർ പണിക്കർ കുന്നിലെ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിന് അടുത്തായുള്ള കിഴൂർ നീർപ്പാലം സിനിമാക്കാരുടെ ഇഷ്ട ഷൂട്ടിംഗ് ലൊക്കേഷനുമാണ്. അനങ്ങൻമലയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ഭൂരിഭാഗം പേരും കീഴൂരിലെ നീർപ്പാലവും സന്ദർശിക്കാറുണ്ട്.

സ്വാഭാവികമായ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകരാൻ കഴിയുമെന്നതാണ് ഇവിടേക്ക് സഞ്ചാരികളെ മാടി വിളിക്കുന്നത്. ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ തിരക്കാണിവിടെ. മോഹൻലാലിന്റെ ആറാം തമ്പുരാൻ, രജനീകാന്തിന്റെ മുത്തു, ദിലീപിന്റെ ഈ പുഴയും കടന്ന്, ജയറാമിന്റെ കാരുണ്യം തുടങ്ങി നിരവധി മലയാളം, തമിഴ് ചിത്രങ്ങൾക്ക് പുറമേ സീരിയലുകളും ആൽബങ്ങളും കീഴൂരിലെ ഈ നീർപ്പാലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് മുമ്പ് കാർഷികാവശ്യത്തിനായി നിർമ്മിച്ചതാണ് ഈ നീർപ്പാലം. താഴെ കനാലും പച്ച വിരിച്ച പടങ്ങളുമാണ്. ഇതോട് ചേർന്നുനിൽക്കുന്ന മലനിരകളും കരിമ്പനകളും പ്രദേശത്തിന് പ്രത്യേക ദൃശ്യഭംഗി നൽകുന്നു. സഞ്ചാരികൾക്കായി പ്രത്യേക സൗകര്യമൊന്നുമില്ലെങ്കിലും പ്രകൃതി സൗന്ദര്യത്തിൽ ആകൃഷ്ടരായാണ് ആളുകൾ ഇവിടെ എത്തുന്നത്.

ചെർപ്പുളശേരി കീഴൂരിലെ നീർപ്പാലം