വടക്കഞ്ചേരി: ദേശീയപാത കൊമ്പഴയിൽ കേബിൾ ചാലിൽ മണ്ണിടിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ബീഹാർ സ്വദേശികളായ ഹഡേഷ് സിംഗ് (40), രാജീവ് കുമാർ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
വടക്കഞ്ചേരിയിൽ നിന്ന് മണ്ണുത്തിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് വേണ്ടി ദേശീയപാതയോരത്ത് കുഴിച്ച ചാലിലാണ് അപകടം. പവർ ഗ്രിഡിന്റെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. മൂന്ന് മീറ്ററോളം താഴ്ചയുള്ള കേബിൾ ചാലിനുള്ളിൽ ജോലിയെടുക്കുന്നതിനിടെ സമീപത്ത് ചാലിന്റെ ഒരു വശത്ത് നിന്നും മണ്ണ് അടർന്ന് ഇവരുടെ മേൽ പതിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടൻ സമീപത്തെ വീട്ടിലെ വീട്ടമ്മ തങ്ക ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സമീപത്ത് തന്നെ പണിയുന്ന ഹിറ്റാച്ചി കൊണ്ടുവന്ന് മണ്ണ് മാറ്റുകയായിരുന്നു. ഇരുവരെയും കാണാൻ പറ്റാത്ത നിലയിൽ മണ്ണ് തലയ്ക്കുമീതെ മൂടിയിരുന്നു. ഹെൽമറ്റ് ധരിച്ചതിനാലും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാലും വൻദുരന്തം ഒഴിവായി. പവർ ഗ്രിഡ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്ന ചാലിന് സമീപം ഗ്യാസ് പൈപ്പ് പോകുന്ന മറ്റൊരു ചാൽ കൂടിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. യാതൊരുവിധ സുരക്ഷാ സംവിധാനവുമില്ലാതെയാണ് നൂറുകണക്കിന് ഉത്തരേന്ത്യക്കാർ ഇവിടെ പണിയെടുക്കുന്നത്.
സംഭവമറിഞ്ഞ് ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, പീച്ചി എസ്.ഐ അനൂപ് ജി.നായർ, എ.എസ്.ഐ വിപിൻ ബി.നായർ, പാണഞ്ചേരി വില്ലേജ് ഓഫീസർ ലിജോ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.