ഒറ്റപ്പാലം: പ്രളയത്തിൽ ഒരുവശം തകർന്ന മാന്നന്നൂർ ഉരുക്ക് തടയണയുടെ വശങ്ങളിൽ താൽകാലിക തടയണ സ്ഥാപിക്കൽ വൈകുന്നു. താൽക്കാലിക തടയണ കെട്ടി വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കാനുള്ള വാണിയംകുളം പഞ്ചായത്തിന്റെ പദ്ധതിയാണ് നീളുന്നത്. നിലവിൽ ഭാരതപ്പുഴയിൽ തടയണയുടെ പരിസരത്ത് നാലടിയോളം ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.
പ്രളയത്തിൽ തകർന്ന മാന്നന്നൂർ കടവിന്റെ ഭാഗത്തുകൂടി വെള്ളമെല്ലാം തടയണയിൽ സംഭരിക്കപ്പെടാതെ ഒഴുകിപ്പോകുകയാണ്. വെള്ളമില്ലാതായാൽ തൃശൂർ ജില്ലയിലെയും വാണിയംകുളത്തെയും നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് തടസപ്പെടും. വേനൽക്കാലത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരും ഏറെ ബുദ്ധിമുട്ടിലാക്കും.
പ്രളയത്തിൽ തകർന്ന ഉരുക്കുതടയണയുടെ പുനരുദ്ധാരണം പെട്ടന്നുണ്ടാകില്ലെന്നാണ് മൈനർ ഇറിഗേഷൻ അധികൃതർ നൽകുന്ന വിവരം. ഇവിടെ സംരക്ഷണ ഭിത്തികെട്ടി ഉറപ്പിച്ചാണ് പുനരുദ്ധീകരിക്കുക. ഇതിനായി രണ്ടരക്കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളത്. പദ്ധതി വൈകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കരയിടിഞ്ഞ വശങ്ങളിൽ താൽകാലിക തടയണ കെട്ടി സംരക്ഷിക്കാൻ തീരുമാനിച്ചത്. ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് പറഞ്ഞിട്ടും ഇതുവരെ നടപടികയായിട്ടില്ല.
സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ച ഉരുക്ക് തടയണയാണ് മാന്നന്നൂരിലേത്. പ്രളയത്തിൽ തടയണയുടെ മാന്നനൂർ കടവിനരികിൽ ഏകദേശം 300 മീറ്റർ ദൂരത്തോളം കരയിടിഞ്ഞ് വെള്ളം ഗതിമാറി ഒഴുകി. ഇവിടെ രണ്ടാൾ ഉയരത്തിലാണ് മണ്ണിടിഞ്ഞ് നെൽപാടം പുഴയിൽ ഒലിച്ചുപോയത്. ഇതോടെ തടയണയിൽ വെള്ളം സംഭരിക്കാതെ വശങ്ങളിലൂടെ ഒലിച്ചുപോകാൻ തുടങ്ങി. നൂറിലേറെ മരങ്ങളും പ്രദേശത്ത് കടപുഴകി ഒലിച്ചുപോയി.
വെള്ളം സംഭരിക്കാനായി താൽകാലിക തടയണ കെട്ടാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചാലുടൻ ഫെബ്രുവരിയോടെ പ്രവർത്തനം ആരംഭിക്കും.
-കെ.ഭാസ്‌കരൻ, വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്