 മത്സ്യ മാർക്കറ്റും കെട്ടിടങ്ങൾ പൊളിച്ചുമാറ്റലും അജണ്ടയിൽ

മണ്ണാർക്കാട്: കഴിഞ്ഞദിവസം ഇടത് - ബി.ജെ.പി അംഗങ്ങൾ ബഹിഷ്‌കരിച്ചതിനെ തുടർന്ന് മാറ്റിവച്ച നഗരസഭ കൗൺസിൽ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേരും. രണ്ട് അജണ്ടകൾ ഉൾപ്പെടുത്തിയ യോഗത്തിന്റെ അറിയിപ്പ് കഴിഞ്ഞദിവസം അംഗങ്ങൾക്ക് ലഭിച്ചു.

നെല്ലിപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് ആദ്യത്തെ അജണ്ട. ഭൂരിപക്ഷം അംഗങ്ങളും നെല്ലിപ്പുഴയിലെ മാർക്കറ്റിന് പ്രവർത്തനാനുമതി നൽകണമെന്ന നിലപാടുള്ളവരായതിനാൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഇന്നത്തെ യോഗത്തിൽ മത്സ്യ മാർക്കറ്റ് വിഷയത്തിൽ തീരുമാനമാകുമെന്നാണ് സൂചന.
നഗരസഭ ബസ് സ്റ്റാന്റിലെ ബലക്ഷയം വന്ന വാണിജ്യ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഒഴിയേണ്ടി വരുന്ന സ്ഥാപന ഉടമകൾ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട വിഷയമാണ് രണ്ടാമത്തേത്. ബലക്ഷയമുള്ള കെട്ടിടങ്ങളിലെ 32 സ്ഥാപനങ്ങളിൽ 23 സ്ഥാപന ഉടമകളാണ് നിവേദനങ്ങൾ നൽകിയിട്ടുള്ളത്.
പകരം സംവിധാനം കാണുംവരെ ഒഴിവാക്കരുതെന്ന ഇവരുടെ നിവേദനം പൊതുജന സുരക്ഷയെ മുൻനിർത്തി തള്ളാനാണ് സാധ്യത.