ഷൊർണൂരും പാലക്കാട് ജംഗ്ഷനിലും ട്രെയിൻ തടഞ്ഞു
സർക്കാർ ഓഫീസുകളിൽ ഹാജർ കുറവ്, ബാങ്കിൽ മേഖലയുടെ പ്രവർത്തനം താളംതെറ്റി
പാലക്കാട്: കേന്ദ്ര സർക്കാർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാംദിവസം ജില്ലയിൽ ഭാഗികം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോ ടാക്‌സികൾ നിരത്തിലിറങ്ങിയില്ല. ഇതേതുടർന്നുണ്ടായ യാത്രാക്ലേശം ഒഴിച്ചാൽ പണിമുടക്ക് ജില്ലയെ കാര്യമായി ബാധിച്ചിട്ടില്ല.
സ്വകാര്യ വാഹനങ്ങൾ ഇന്നലെ നിരത്തിലിറങ്ങി. നഗരത്തിൽ ഉൾപ്പെടെ ചുരുക്കം ചിലയിടത്ത് ഓട്ടോറിക്ഷകളും സർവീസ് നടത്തി. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും ജീവനക്കാർ എത്താത്തത് മൂലം പ്രവർത്തനത്തെ ബാധിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില ഇന്നലെയും കുറവായിരുന്നു. ആദ്യദിനത്തെ അപേക്ഷിച്ച് ഇന്നലെ നഗരത്തിലെ മിക്ക കടകളും തുറന്ന് പ്രവർത്തിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയും ഭാഗികമായി പ്രവർത്തിച്ചു. പക്ഷേ, വാളയാർ ചെക്ക് പോസ്റ്റിലൂടെ അധികം ചരക്ക് വാഹനങ്ങളൊന്നും വന്നില്ല.
ഒലവക്കോട്, ഷൊർണൂർ സ്‌റ്റേഷനുകളിൽ ട്രെയിൻ സമരക്കാർ തടഞ്ഞു. ഷൊർണൂരിൽ ഇൻഡോർ തിരുവന്തപുരം എക്‌സ്പ്രസും ഒലവക്കോട് കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസും അരമണിക്കൂർ തടഞ്ഞു. പാലക്കാട് ഡിവിഷനു കീഴിൽ ട്രെയിൻ തടഞ്ഞതിന് 15 കേസുകൾ് രജിസ്റ്റർ ചെയ്തു. ഒലവക്കോട് പത്തും ഷൊർണൂരിൽ അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തത്. ഒലവക്കോട് ജംഗ്ഷനിൽ നടന്ന ട്രെയിൻ തടയൽ സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്തു. ടി.കെ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജയപാലൻ, കെ.മല്ലിക, കെ.വേലു, ലീലാധരൻ, സുധാകരൻ പ്ലാക്കാട്ട് എന്നിവർ സംസാരിച്ചു.
സംസ്ഥാന ലോറി ഓണേഴ്‌സ് ഫെഡറേഷൻ ജീവനക്കാരും പണിമുടുക്കി. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചു നടത്തി. തുടർന്നു നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു അഖിലേന്ത്യാ കമ്മിറ്റി അംഗം കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.നന്ദകുമാർ, കെ.എസ്.സുരേഷ്, എസ്.മനോജ്, കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.